കോതമംഗലം, മാമലക്കണ്ടത്ത് ആനവേട്ടക്കാരൻ ആനക്കൊമ്പുകളുമായി വനപാലകരുടെ പിടിയിൽ

വേട്ടയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെടുക്കാനായിട്ടില്ല. ഇയാളുടെ കൂട്ടാളി ഒളിവിലാണ്
Elephant poacher caught by forest guards with tusks in Mamalakandam Kothamangalam
ജോസഫ് കുര്യൻ എന്ന മൺമുടി ഔസേഫ് (64 )
Updated on

കോതമംഗലം: മാമലക്കണ്ടത്ത് നിന്ന് ആന കൊമ്പുകളുമായി ഒരാൾ പിടിയിൽ. മാമലക്കണ്ടം മഞ്ചുവട് കോട്ടക്കകത്ത് ജോസഫ് കുര്യൻ എന്ന മൺമുടി ഔസേഫാണ് (64 ) കുട്ടമ്പുഴ വനപാലകരുടെ പിടിയിലായത്. ഇയാളുടെ കൈവശത്ത് നിന്ന് മൂന്ന് ആനക്കൊമ്പുകളും കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടമ്പുഴ റേഞ്ച് ഓഫീസർ ആർ. സഞ്ജീവ് കുമാറും പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരും ചേർന്ന് നടത്തിയ തെരച്ചിലാണ് ഇയാൾ പിടിയിലായത്. ഒരു കൊമ്പ് വീട്ടിൽ കട്ടിലിനടിയിലും രണ്ടെണ്ണം അടുക്കളയിൽ അടുപ്പിന് സമീപം കുഴിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്. വേട്ടയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെടുക്കാനായിട്ടില്ല. ഇയാളുടെ കൂട്ടാളി ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

കൂടുതൽ അന്വേഷണത്തിനായി മലയാറ്റൂർ ഡി.എഫ്‌.ഒ ഖുറ ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇടമലയാർ ആനവേട്ട കേസിനു തുടർച്ച നൽകി, പുതിയ വഴിത്തിരിവിൽ എത്തിച്ചേർന്നെക്കാവുന്നതാണ് ജോസഫ് കുര്യന്റെ അറസ്റ്റ്. ഇപ്പോൾ പിടിച്ചെടുത്ത കൊമ്പുകളുടെ കാലപ്പഴക്കം നിർണയിച്ചാൽ മാത്രമെ ആന വേട്ട നടന്ന കാലം കൃത്യമായി അറിയാനാവു. ഇതിനുള്ള ശാസ്ത്രീയ മാർഗങ്ങളിലേക്ക് വനം വകുപ്പ് നീങ്ങും. ഇയാളുടെ തോക്കിനായുള്ള അന്വേഷണവും ഇതോടൊപ്പം നടക്കും. കാട്ടിൽ ആനയുടെ ആക്രമണത്തിനിടെ ആന തോക്ക് ചവുട്ടി ഒടിച്ചുനശിപ്പിച്ചുവെന്നാണ് മൊഴി.

2014 സെപ്റ്റംബറിലെ ഇടമലയാർ ആനവേട്ടക്കേസുമായി ഇയാൾക്ക് ബന്ധമുള്ളതായാണ് ചോദ്യം ചെയ്യലിൽ മനസിലായിട്ടുള്ളത്. ഈ കേസിലെ പ്രധാന പ്രതികളിലൊരാളും ആനവേട്ടക്കാരനുമായ വാസുവിനൊപ്പവും തനിച്ചും ആനവേട്ട നടത്തിയിട്ടുള്ളതായും ജോസഫ് സമ്മതിച്ചിട്ടുണ്ട്. അന്ന് തെളിവുകളില്ലാതെ മുങ്ങിയതിനാൽ പ്രതിപ്പട്ടികയിലെത്തിയില്ല. കൂടുതൽ കൊമ്പുകൾ കിട്ടിയതോടെ കോതമംഗലം കോടതിയിൽ ഇപ്പോൾ വിചാരണ നടന്നുവരുന്ന ഇടമലയാർ കേസിൽ വഴിത്തിരിവുക ളുണ്ടായേക്കും. 72 പ്രതികളാണ് ഈ കേസിൽ വിചാരണ നേരിടുന്നത്. പിടിയിലായ ശേഷം മുങ്ങിയ കൊൽക്കൊത്ത തങ്കച്ചി മുതൽ ആന്ധ്രയിൽ മരിച്ച നിലയിൽ കാണപ്പെട്ട പ്രധാനപ്രതി വാസു വരെ ഇതിൽപ്പെടും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com