

മേഘാലയ അതിർത്തി വഴി നുഴഞ്ഞുകയറ്റം; അസമിൽ 36 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ
പ്രതീകാത്മക ചിത്രം- എഐ
ദിസ്‌പുർ: അസമിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 36 ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിലെ ധുബ്രി ജില്ലയിലുള്ള ഫെറി ഘാട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. മേഘാലയ അതിർത്തിയിൽ നിന്നായിരിക്കാം ഇവർ ഇന്ത‍്യയിലേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്.
രഹസ‍്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ജോഹമായ ഫെറി ഘാട്ടിൽ നിന്നും ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ‍്യോഗസ്ഥൻ വ‍്യക്തമാക്കി.
ഇവരുടെ രേഖകൾ പരിശോധിച്ചപ്പോൾ എല്ലാവരും ബംഗ്ലാദേശിലെ രാജ്ഷാഹി ഡിവിഷനിലെ ചാപൈനവാബ്ഗഞ്ച് നിവാസികളാണെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ധുബ്രിയിലെ മുതിർന്ന എസ്പി ദേബാശിഷ് ബോറയുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. ബംഗ്ലാദേശ് പൗരന്മാരുടെ ലക്ഷ‍്യമെന്താണെന്ന് ഇതുവരെ വ‍്യക്തമായിട്ടില്ലെന്നും അവരെ ചോദ‍്യം ചെയ്ത് വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസം മുൻപാണ് ഇവർ ഇന്ത‍്യയിലെത്തിയതെന്നും പിന്നീട് സൽമാറ-മങ്കച്ചാർ ജില്ലയിലെ ഹാത്സിങ്മാരിയിൽ നിന്ന് ബോട്ടിൽ ധുബ്രിയിലേക്ക് കടക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ‍്യോഗസ്ഥൻ പറഞ്ഞു. 120 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നും അതിൽ ബംഗ്ലാദേശിൽ നിന്നുള്ള 36 പേരെ പൊലീസ് തിരിച്ചറിഞ്ഞെന്നും കൂടാതെ ചില രേഖകളും മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.