

രാഹുൽ ഈശ്വർ
പ്രത്യേക ലേഖകൻ
അതിജീവിതയുടെ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തു എന്ന സൈബർ ക്രൈം കേസിൽ (ക്രൈം നമ്പർ 169/2025) അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ തള്ളിയ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നടത്തിയത് ഗുരുതരമായ നിരീക്ഷണങ്ങൾ.
ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ സ്വഭാവവും ഗൗരവവും കണക്കിലെടുത്ത് പ്രതിക്ക് ജാമ്യം നൽകാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
അതിജീവിതയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടു
പരാതിക്കാരിയെ അപകീർത്തിപ്പെടുത്താനും പൊതുസമൂഹത്തിൽ മാനഹാനി വരുത്താനും ഭീഷണിപ്പെടുത്താനും ലക്ഷ്യമിട്ട് പ്രതികൾ പ്രവർത്തിച്ചു എന്നാണ് കേസിന്‍റെ കാതൽ. നേമം പൊലീസ് സ്റ്റേഷന്‍റെ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലെ ഇരയായ പരാതിക്കാരിയുടെ ചിത്രങ്ങളും വിവരങ്ങളും 1 മുതൽ 5 വരെയുള്ള പ്രതികൾ ഇന്‍റർനെറ്റ് വഴി ശേഖരിച്ച് ഫേസ്ബുക്ക്, യൂട്യൂബ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചു എന്നാണ് ആരോപണം. ഇരയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയുന്ന നിയമത്തിന്‍റെ ലംഘനമാണിത്.
പ്രത്യേകിച്ചും, അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും യൂട്യൂബ് ചാനൽ വഴിയും അതിജീവിതയുടെ ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിച്ച് വ്യക്തിവിവരം വെളിപ്പെടുത്തുകയും, സാമൂഹിക മാധ്യമങ്ങൾ വഴി ലൈംഗികച്ചുവയുള്ളതും, അശ്ലീലകരവുമായ നിരവധി പരാമർശങ്ങൾ നടത്തുകയും ചെയ്തു എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ബിഎൻഎസ് സെക്ഷൻ 72, 75(1)(iv), 79, 351(1), 351(2) എന്നിവയും ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് സെക്ഷൻ 43 r/w 66 ഉം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്.
'നിസ്സാരമായി കാണാൻ കഴിയില്ല'
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജ് പുറപ്പെടുവിച്ച ഉത്തരവിൽ, ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ ഗൗരവം എടുത്തുപറയുന്നു.
ബിഎൻഎസ് സെക്ഷൻ 75(1)(iv) (ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുക) പ്രകാരമുള്ള കുറ്റകൃത്യത്തിന്‍റെ ഘടകങ്ങൾ ലഭ്യമായ രേഖകളിൽ നിന്നു പ്രാഥമദൃഷ്ട്യാ തെളിയിക്കപ്പെടുന്നുണ്ട്. 'കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും അന്വേഷണം നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കുറ്റകൃത്യത്തിലെ ഇരയ്‌ക്കെതിരേ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് നിസ്സാരമായി കാണാൻ കഴിയില്ല'- കോടതി വ്യക്തമാക്കി.
കേസിന്‍റെ അന്വേഷണം ഇപ്പോൾ ആരംഭിച്ചതേയുള്ളൂ. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ, അന്വേഷണം തടസപ്പെടുത്താനും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യാനും ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാനും എല്ലാ സാധ്യതയുമുണ്ടെന്നും കോടതി വിലയിരുത്തി.
കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ പൊലീസ് ഇനിയും അറസ്റ്റ് ചെയ്യാനുണ്ട് എന്ന വസ്തുതയും കോടതി പരിഗണിച്ചു. ഈ സാഹചര്യങ്ങളിൽ, ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ സ്വഭാവവും ഗൗരവവും അന്വേഷണത്തിന്‍റെ ഘട്ടവും പരിഗണിച്ച്, അഞ്ചാം പ്രതിക്ക് ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കേണ്ടതില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഹർജി തള്ളിയത്.