

ആലപ്പുഴ: മാവേലിക്കരയിൽ വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി മുൻ സൈനികൻ. തഴക്കര സ്വദേശി സാം തോമസാണ് നഗ്നത പ്രദർശനം ഉൾപ്പെടെ നടത്തി സ്ത്രീകളോട് മോശമായി പെരുമാറിയത്.
തഴക്കരകുന്നം അഞ്ചാം വാര്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനയിലെ സ്ത്രീകൾക്ക് നേരെ സാം തോമസ് കൈയേറ്റത്തിന് ശ്രമിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്യുകയായിരുന്നു. ഇയാൾ ഭീഷണി മുഴക്കുന്നതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനെത്തിയ തങ്ങളെ അസഭ്യം പറഞ്ഞു, ഉടുതുണി ഉയര്‍ത്തിക്കാട്ടി അധിക്ഷേപിച്ചു, ജോലി തടസ്സപ്പെടുത്തി, ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹരിതസേനാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ പോര്‍ട്ടലിലും മാവേലിക്കര പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.
പരാതിയെ തുടർന്ന് മാവേലിക്കര പൊലീസ് പ്രതിയെ പിടികൂടി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.