

നരേഷ് ഗുജ്റാൾ
ന‍്യൂഡൽഹി: സൈബർ തട്ടിപ്പിലൂടെ മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്‍റെ മകൻ നരേഷ് ഗുജ്റാളിന് നഷ്ടമായത് കോടികൾ. ഒരു ദേശീയ മാധ‍്യമത്തിന്‍റെ കണക്ക് പ്രകാരം 7.8 കോടി രൂപയാണ് നരേഷിന് നഷ്ടമായത്.
എംപി കൂടിയായ നരേഷിന്‍റെ ചിത്രം പ്രൊഫൈൽ പിക്ചറാക്കിയ അക്കൗണ്ട് മുഖേനയായിരുന്നു തട്ടിപ്പ് നടന്നത്. ഈ അക്കൗണ്ടിലൂടെ നരേഷിന്‍റെ കമ്പനി ജീവനക്കാരന് വൻ തുക ആവശ‍്യപ്പെട്ട് തട്ടിപ്പ് സംഘം മെസേജ് അയക്കുകയായിരുന്നു.
ഇതേത്തുടർന്ന് ജീവനക്കാരൻ 7.8 കോടി രൂപ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. ജൂൺ 12നും 16നും ഇടയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഡൽഹിയിലെ തന്നെ ഏറ്റവും വലിയ സൈബർ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. പണം അയച്ചു നൽകിയ ജീവനക്കാരൻ നരേഷിന്‍റെ മകളുമായി സംസാരിച്ചതിലൂടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇതിനു പിന്നാലെ നരേഷിന്‍റെ കമ്പനി പൊലീസിനെ സമീപിച്ചു. നാലു കോടി രൂപ മരവിപ്പിക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്.