പരീക്ഷാ സമ്മർദം; റാഞ്ചി ഐഐഐടിയിൽ ഒന്നാം വർഷ വിദ്യാർഥി ആത്മഹത്യ ചെയ്തു

ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
Exam stress: First-year student at IIIT Ranchi commits suicide.

പരീക്ഷാ സമ്മർദം; റാഞ്ചി ഐഐഐടിയിൽ ഒന്നാം വർഷ വിദ്യാർഥി ആത്മഹത്യ ചെയ്തു

Updated on: 

റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ (ഐഐഐടി) ഒന്നാം വർഷ വിദ്യാർഥി ആത്മഹത്യ ചെയ്തു. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

ബിഹാറിലെ പൂർണിയ സ്വദേശി ആദിത്യ (19)യാണ് മരിച്ചത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഒക്റ്റോബർ എട്ടിന് പരീക്ഷകൾ ആരംഭിച്ച സാഹചര്യത്തിൽ പരീക്ഷാസമ്മർദത്തെ തുടർന്നാകാം വിദ്യാർഥി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഖേൽഗാവ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് നിർഭയ് കുമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി വിദ്യാർഥികൾ ക്യാംപസിൽ പ്രതിഷേധം നടത്തി. വിദ്യാർഥിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്നതിൽ കോളെജ് അധികൃതർ വീഴ്ച വരുത്തിയെന്നാണ് ഇവരുടെ ആരോപണം. ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സംശയിക്കുന്നതായി ഒന്നാം വർഷ വിദ്യാർഥിയായ വൈഭവ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥി അപ്പോഴും ജീവനോടെയുണ്ടായിരുന്നുവെന്നും അധികൃതർ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ആംബുലൻസിന് ഡ്രൈവർ ഉണ്ടായിരുന്നില്ലെന്നും വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ലെന്നും വൈഭവ് പറഞ്ഞു. ജീവൻ രക്ഷിക്കാൻ സിപിആർ നൽകുന്നതിൽ നിന്ന് ഹോസ്റ്റൽ വാർഡൻ തങ്ങളെ തടഞ്ഞതായും അദ്ദേഹം ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com