കൊല്ലത്ത് 2.5 കോടി രൂപയുടെ കള്ളനോട്ടുകൾ; അച്ചടിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു, ഒരാൾ കസ്റ്റഡിയിൽ

2.5 കോടിയോളം രൂപയുടെ കള്ളനോട്ടുകൾ അച്ചടിക്കാനുള്ള ഉപകരണങ്ങളും മറ്റു സാമഗ്രികളുമാണ് പിടിച്ചെടുത്തത്
Fake currency worth Rs 2.5 crore seized in Kollam; equipment used for printing confiscated, one person in custody

കൊല്ലത്ത് 2.5 കോടി രൂപയുടെ കള്ളനോട്ടുകൾ; അച്ചടിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു, ഒരാൾ കസ്റ്റഡിയിൽ

Updated on: 

കൊല്ലം: കൊല്ലത്തെ ഒരു വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ അച്ചടിക്കാനുള്ള സാമഗ്രികൾ പിടിച്ചെടുത്ത് പൊലീസ്. 2.5 കോടിയോളം രൂപയുടെ കള്ളനോട്ടുകൾ അച്ചടിക്കാനുള്ള ഉപകരണങ്ങളും മറ്റു സാമഗ്രികളുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം വാടി കല്ലേലിവയൽ സ്വദേശിയായ സിബിയോൺ (37) ആണ് പിടിയിലായത്. ഒക്റ്റോബർ 16ന് സിബിയോണിനെ കാണാനില്ലെന്ന് ഭാര്യ ടിൻസി പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. പൊലീസും കൊല്ലം സിറ്റി ജില്ലാ ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) ചേർന്നാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനിടെ സിബിയോണിനെ കൊല്ലം ആശ്രാമത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായും ഇയാളുടെ സ്വർണാഭരണങ്ങൾ കവർന്നതായും പൊലീസിന് വിവരം ലഭിച്ചു.

ആദർശ് എന്നയാൾ സിബിയോണിനെ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് സിബിയോൺ സ്വയം തിരിച്ചെത്തി സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

തുടർന്നുള്ള ചോദ്യം ചെയ്യലിലും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിലും ഹവാല ഇടപാടുകളും മറ്റ് അനധികൃത പ്രവർത്തനങ്ങളും നടന്നതായി സംശയം ഉയർന്നു. ഇതോടെയാണ് വെള്ളിയാഴ്ച രാത്രി സിബിയോണിന്‍റെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിൽ നിന്ന് 43 പവൻ സ്വർണാഭരണങ്ങളും കണ്ടെടുത്തു.

ആറ്റിങ്ങൽ സ്വദേശിയായ രവിയാണ് കള്ളനോട്ട് നിർമാണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന സാമഗ്രികൾ സിബിയോണിന് നൽകിയതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം. ഇതിനായി 30 ലക്ഷം രൂപ കൈപ്പറ്റിയതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. രവിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com