ഐഎഎസ് ട്രെയിനി ചമഞ്ഞ് 30 ലക്ഷം തട്ടി: പ്രതി പിടിയിൽ

ഐഎഎസ് ട്രെയിനി ചമഞ്ഞ് 30 ലക്ഷം തട്ടി: പ്രതി പിടിയിൽ

മസൂറിയിലെ സിവിൽ സർവ്വീസ് അക്കാദമിയിൽ ഐഎഎസ് ട്രെയിനിയാണെന്ന് പറഞ്ഞാണ് പ്രതി പരിചയപ്പെടുത്തിയത്
Published on

മുളന്തുരുത്തി: ഐ.എ.എസ് ട്രെയിനി ചമഞ്ഞ് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ പുന്നപ്ര സൗത്ത് ദുന്നജാത്ത് വീട്ടിൽ മുഹമ്മദ് അജ്മൽ ഹുസൈനെയാണ് മുളന്തുരുത്തി ഇൻസ്പെക്ടർ പി.എസ് ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്. അരയൻകാവ് സ്വദേശിനി യുവതിയിൽ നിന്നുമാണ് വിവാഹ വാഗ്ദാനം നൽകി 30 ലക്ഷം രൂപ തട്ടിയെടുത്തത്.

ട്രെയിനിൽ വെച്ചാണു യുവതി അജ്മലിനെ പരിചയപ്പെടുന്നത്. മസൂറിയിലെ സിവിൽ സർവ്വീസ് അക്കാദമിയിൽ ഐഎഎസ് ട്രെയിനിയാണെന്ന് പറഞ്ഞാണ് പ്രതി പരിചയപ്പെടുത്തിയത്. തുടർന്ന് പല തവണകളായി 30 ലക്ഷം രൂപ ഇയാൾ പഠനാവശ്യത്തിനെന്നു പറഞ്ഞു വാങ്ങി. യുവതിയുടെ അച്ഛന്‍റെ അക്കൗണ്ടിൽ നിന്നുമാണ് പ്രതിയുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തത്. വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടത് കൊടുക്കാതെ വന്നപ്പോൾ യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചു.

വിവാഹിതനായിരുന്ന മുഹമ്മദ് അജ്മൽ ഹുസൈൻ അത് മറച്ച് വച്ചാണു യുവതിയുമായി അടുപ്പം സ്ഥാപിച്ചതും പണം വാങ്ങിയതും. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിച്ചു വരികയായിരുന്നു. റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പുത്തൻകുരിശ് ഡി.വൈ.എസ്.പി. ടി.ബി.വിജയന്‍റെ മേൽനോട്ടത്തിൽ കേസിന്‍റെ അന്വേഷണചുമതലയുള്ള ഇൻസ്പെക്ടർ പി.എസ് ഷിജു, എസ്.ഐ എസ്.എൻ.സുമിത, എസ്.സി.പി.ഒ അനിൽകുമാർ, സി.പി.ഒ രാകേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

logo
Metro Vaartha
www.metrovaartha.com