മകളെ ഗർഭിണിയാക്കിയത് അച്ഛനാണെന്ന് വ്യാജപരാതി; അമ്മയ്ക്ക് 5 വർഷം തടവ്

മകളെ ഗർഭിണിയാക്കിയത് അച്ഛനാണെന്ന് വ്യാജപരാതി; അമ്മയ്ക്ക് 5 വർഷം തടവ്

കേസില്‍ പ്രതിയാക്കപ്പെട്ട അച്ഛന്‍ ഇതിനെതിരേ കോടതിയെ സമീപിക്കുകയായിരുന്നു.
Published on

ചെന്നൈ: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് അച്ഛനാണെന്ന വ്യാജപരാതി നൽകിയ അമ്മയ്ക്ക് 5 വർഷം തടവ്. വ്യാജപരാതി ഉന്നയിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമാണ് കുട്ടിയുടെ അമ്മയെ പോക്സോ കോടതി ശിക്ഷിച്ചത്. ഇവർക്ക് 6000 രൂപ പിഴയും ചുമത്തി.

6 വര്‍ഷം മുമ്പാണു മകളുടെ ഗര്‍ഭത്തിന് ഉത്തരവാദി അച്ഛനാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നല്‍കിയത്. തെളിവായി ചില ലാബ് റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിരുന്നു. കേസില്‍ പ്രതിയാക്കപ്പെട്ട അച്ഛന്‍ ഇതിനെതിരേ കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിക്കാരി സമര്‍പ്പിച്ച ലാബ് രേഖകളും ഡോക്റ്ററുടെ റിപ്പോർട്ടും വ്യാജമാണെന്നു കോടതി കണ്ടെത്തി. ലാബ് അസിസ്റ്റന്‍റായി സ്ത്രീ ജോലിചെയ്തിരുന്ന ലാബിന്‍റെ പേരിലാണ് റിപ്പോര്‍ട്ടുകള്‍ വ്യാജമായി തയാറാക്കിയതെന്നും തെളിഞ്ഞു. മകളും അമ്മയ്ക്കെതിരെ കോടതിയിൽ മൊഴി നൽകി. കുടുംബകോടതിയില്‍ ദമ്പതിമാരുടെ വിവാഹമോചന കേസ് നിലവിലുണ്ടെന്നും വ്യക്തമായിരുന്നു. ഇതേത്തുടർന്ന് വ്യാജരേഖയുണ്ടാക്കി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

logo
Metro Vaartha
www.metrovaartha.com