കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയെതുടർന്ന് അടിപിടി: രണ്ട് കേസുകളിലായി 3 പേർ പിടിയിൽ

വലതു കൈമുട്ടിനു മുകളിലും, ചൂണ്ടുവിരലിനും ഇടതുകാൽത്തണ്ടയ്ക്ക് മുകളിലായും വെട്ടി ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ചു
കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയെതുടർന്ന് അടിപിടി: രണ്ട് കേസുകളിലായി 3 പേർ പിടിയിൽ

പത്തനംതിട്ട : കുടുംബപരമായി ശത്രുതയിൽ കഴിഞ്ഞുവന്നവർ തമ്മിൽ അടിപിടിയുണ്ടായതിനെ തുടർന്ന് മൂന്ന്പേർക്ക് പരിക്കേറ്റു, രണ്ടുകേസുകളിലായി മൂന്നുപ്രതികൾ അറസ്റ്റിൽ. കോയിപ്രം തെള്ളിയൂർ മാമ്പേമൺ മാനക്കുഴിയിലാണ് ഇന്നലെ വൈകിട്ട് 5 മണിക്കാണ് സംഭവം. കോയിപ്രം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ന് മൂന്നുപേരെ പിടികൂടി. മാനക്കുഴി പൂവൻവാഴയിൽ ജൂബിൻ പി രാജു (26) വാദിയായി രജിസ്റ്റർ ചെയ്തതാണ് ആദ്യത്തെ കേസ്. ഈ കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി മാനക്കുഴിയിൽ രാജൻ (52) തൻ്റെ സഹോദരൻ ബാബുകുട്ടനുമൊത്ത് ഓട്ടോയിൽ എത്തി വടിവാളെടുത്ത് ജൂബിനെ വെട്ടിപരിക്കേൽപ്പിച്ചു എന്നാണ് കേസ്. ഇടതു കൈത്തണ്ടയിലെ അസ്ഥിക്ക് പൊട്ടലേറ്റു.

ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, പിന്തുടർന്ന് തേക്കുന്നത്ത് വീട്ടുവക കപ്പത്തോട്ടത്തിൽ നിലത്തിട്ട് വലതുകാൽ മുട്ടിനു വെട്ടി. വലതു കൈമുട്ടിനു മുകളിലും, ചൂണ്ടുവിരലിനും ഇടതുകാൽത്തണ്ടയ്ക്ക് മുകളിലായും വെട്ടി ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ചു. തലയ്ക്കു നേരെയുള്ള വെട്ട്, ഒഴിഞ്ഞുമാറിയതിനാൽ കൊണ്ടില്ല, തുടർന്ന് കല്ലെടുത്ത് മുതുകത്ത് എറിയുകയും ചെയ്തതായി പറയുന്നു. രാജൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരുന്നതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

ഇയാളുടെ സഹോദരൻ ബാബുക്കുട്ടൻ (43) വാദിയായി എടുത്ത രണ്ടാമത്തെ കേസിൽ, പൂവൻ വാഴയിൽ വീട്ടിൽ റെജിയും സിബിനുമാണ് അറസ്റ്റിലായത്. ഈ കേസിൽ 4 പ്രതികളാണ് ഉള്ളതെന്ന് മൊഴിയിൽ പറയുന്നു. ബാബുക്കുട്ടൻ ഓടിച്ചുവന്ന ഓട്ടോറിക്ഷ ഇയാളുടെ വീടിനു മുന്നിൽ വച്ച് പ്രതികൾ തടഞ്ഞുനിർത്തി മർദിക്കുകയും, കല്ലെറിഞ്ഞുവീഴ്ത്തി, തുണിയിൽ കല്ല് പൊതിഞ്ഞ് ഇടിച്ച് പരിക്ക് ഏൽപ്പിക്കുകയും, വെട്ടുകത്തി കൊണ്ട് ഇടതുകാലിലും തലയുടെ വലത്‌ഭാഗത്തും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് രണ്ടാമത്തെ കേസ്.

ബാബുക്കുട്ടനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിക്കാതെ ഓട്ടോ തടഞ്ഞ്, മുന്നിലെ ഹെഡ് ലൈറ്റ് അടിച്ചുതകർക്കുകയും ചെയ്തു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന ഒന്നും രണ്ടും പ്രതികളെ ഡിസ്ചാർജ് വാങ്ങി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുകൂട്ടരും ഉപയോഗിച്ച ആയുധങ്ങളും ഓട്ടോയും കണ്ടെടുക്കാനായിട്ടില്ല. പ്രതികൾ കുറ്റം സമ്മതിച്ചു. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഓ ജോബിൻ, സി പി ഓ മാരായ ആരോമൽ, ശ്രീജിത്ത്‌ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com