
സരസ്വതി മാലിയ
മുസർഫർനഗർ: ഉത്തർ പ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. മുസഫർനഗറിൽ യുവതിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു. 23 വയസുകാരിയായ സരസ്വതി മാലിയയാണ് മരിച്ചത്. പിതാവായ രാജ്‌വീർ സിങ് (55), സഹോദരൻ സുമിത്ത് (24) എന്നിവർ അറസ്റ്റിലായി.
യുവതിയുടെ പ്രണയ ബന്ധത്തോടുള്ള എതിർപ്പാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. 2019ൽ സരസ്വതിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ രണ്ടു വർഷത്തിനുശേഷം ബന്ധം പിരിഞ്ഞു.
തുടർന്ന് കുടുംബം മറ്റൊരു വിവാഹത്തിനു ശ്രമിച്ചു. ഈ സമയത്താണ് സരസ്വതി ജോലി ചെയ്തിരുന്നു ഇ കോമേഴ്സ് കമ്പനിയിലെ ജോലിക്കാരനായ അമിത്തുമായി പ്രണയത്തിലാവുന്നത്. തുടർന്ന് ഇരുവരും ഒന്നിച്ച് താമസിക്കുകയും സരസ്വതി അമിത്തിനൊപ്പം പോവുകയും ചെയ്തു.
അമിത്തുമായുള്ള ബന്ധത്തെ എതിർത്ത കുടുംബം അനുനയത്തിനായി മേയ് 10 ന് സരസ്വതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. സരസ്വതി വീട്ടുകാരുടെ താത്പര്യത്തിന് വഴങ്ങാതെ വന്നതോടെ വീട്ടിൽ തടഞ്ഞുവച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ആരും കാണാതെ 5 കിലോമീറ്റർ അകലെ കാട്ടിനുള്ളിലെത്തിച്ച് പെട്രോളൊഴിച്ച് തീകൊളുത്തി. മേയ് 30 ഓടെയാണ് പാതി കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.
ഇതിനിടയിൽ കുടുംബത്തിന് നേരെ സംശയം നീളാതിരിക്കാൻ സരസ്വതിയെ കാണാനില്ലെന്ന് കാട്ടി സ്റ്റേഷനിലെത്തി പിതാവ് പരാതി നൽകിയിരുന്നു. പിന്നീട് സരസ്വതിയുടെ കൈയിലുണ്ടായിരുന്ന വളയിൽ നിന്നാണ് മരിച്ചത് സരസ്വതിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പിതാവും സഹോദരനും കുറ്റം സമ്മതിക്കുകയായിരുന്നു.