
കോട്ടയം: മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. പാലാ രാമപുരം ചേറ്റുകുളം കോളനി സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർഥിനികളായ 3 പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെ ആയിരുന്നു സംഭവം. അനന്യ (13), അമേയ (10), അനാമിക (7) എന്നിവരെയാണ് പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ അനാമികയുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം 3 പെൺമക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്.
ഗുരുതരമായി പരുക്കേറ്റ പെൺകുട്ടികളെ ആദ്യം ഉഴവൂർ കെ.ആർ നാരായണൻ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളെജ് ഐ.സി.എച്ച് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ പിണങ്ങി പിരിഞ്ഞതിലുള്ള മാനസിക സംഘർഷവും അമിത മദ്യപാനവും ആണ് ജോമോനെ മക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച ക്രൂരതയിലേക്ക് നയിച്ചതെന്ന് അയൽവാസികൾ പറയുന്നു.
ജോമോന്‍റെ ഭാര്യ വർഷങ്ങൾക്ക് മുമ്പ് ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. കുടുംബ, സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. വെട്ടേറ്റ കുട്ടികൾ സമീപത്തെ ബന്ധുവീട്ടിലേക്ക് ഓടി എത്തി വിവരം അറിയിക്കുകയായിരുന്നു. സമീപ വാസികൾ എത്തിയപ്പോൾ ജോമോൻ വീട്ടിൽ നിന്നും രക്ഷപെട്ടു. തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് പുലർച്ചെ വീടിന്റെ വെന്റിലേഷനിൽ തൂങ്ങിയ നിലയിൽ മ്യതദേഹം കണ്ടെത്തിയത്.