കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ് വരെ കാത്തിരിക്കണമെന്ന് അച്ഛൻ; ചണ്ഡിഗഢിൽ പൊലീസുകാരനെ വെടിവച്ച് കൊന്ന് 18കാരനായ മകൻ

ചണ്ഡിഗഢ് പൊലീസിലെ ഹെഡ് കോൺസ്റ്റബിളായ നിതിൻ സിങ് ആണ് കൊല്ലപ്പെട്ടത്
18-year-old son shoots dead policeman father in Chandigarh.

ചണ്ഡിഗഢിൽ പൊലീസുകാരനെ വെടിവച്ച് കൊന്ന് 18കാരനായ മകൻ

Updated on: 

ചണ്ഡിഗഢ്: കാമുകിയെ വിവാഹം കഴിക്കാൻ 21 വയസാകുന്നത് വരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് 18കാരനായ മകൻ അച്ഛനെ വെടിവച്ച് കൊലപ്പെടുത്തി. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡിഗഢീലെ സെക്‌റ്റർ 22ലാണ് സംഭവം.

ചണ്ഡിഗഢ് പൊലീസിലെ ഹെഡ് കോൺസ്റ്റബിളായ നിതിൻ സിങ് ആണ് കൊല്ലപ്പെട്ടത്. മകനായ അർമാനെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ആസ്ഥാനത്തെ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നിതിനെ വെള്ളിയാഴ്ച സെക്റ്റർ 22ലെ സർക്കാർ വസതിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയിൽ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിന് തൊട്ടുമുൻപ് മകനുമായി നിതിൻ സിങ് വാക്ക്തർക്കത്തിലേർപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് നിന്ന് നാടൻ തോക്ക് കണ്ടെത്തി.

കാമുകിയെ ഉടൻ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി അർമാൻ മാതാപിതാക്കൾക്ക് മേൽ സമ്മർദം ചെലുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഇന്ത്യയിൽ പുരുഷന്മാർക്ക് വിവാഹത്തിനുള്ള നിയമപരമായ കുറഞ്ഞ പ്രായം 21 ആയതിനാൽ അതുവരെ കാത്തിരിക്കണമെന്നാണ് മാതാപിതാക്കൾ ആവശ്യപ്പെട്ടത്. കാമുകിയെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് അർമാൻ ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ ഇത് നിരസിച്ചു. സ്വന്തം ആവശ്യങ്ങൾക്കായി പണം നൽകണമെന്നും ഇയാൾ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

വ്യാഴാഴ്ച വൈകിട്ട് അർമാനും മാതാപിതാക്കളും തമ്മിൽ തർക്കമുണ്ടായി. ഉടൻ വിവാഹം കഴിക്കണമെന്നായിരുന്നു അർമാന്‍റെ ആവശ്യം. എന്നാൽ 21 വയസായ ശേഷം മാത്രമേ വിവാഹം നടത്താൻ കഴിയൂവെന്ന് മാതാപിതാക്കൾ വീണ്ടും വ്യക്തമാക്കി.

ഇതോടെ അർമാൻ അമ്മയെയും ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. അമ്മയുടെ കഴുത്തിൽ പിടിച്ചെങ്കിലും അവർ രക്ഷപ്പെട്ട് വീടിന്‍റെ ടെറസിലേക്ക് ഓടിക്കയറി അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. പിതാവിനെ വെടിവച്ചശേഷം പുറത്ത് നിന്ന് ആരോ വീട്ടിൽ കയറി അച്ഛനെ ആക്രമിച്ചെന്ന രീതിയിൽ സംഭവം അവതരിപ്പിക്കാനും അർമാൻ ശ്രമിച്ചതായി ഒരു അയൽവാസി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ അർമാൻ യാതൊരു പശ്ചാത്താപവും പ്രകടിപ്പിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. പിതാവിനെ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് എങ്ങനെ ഇയാളുടെ കൈവശം എത്തിയെന്ന് അടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

നേരത്തെയും കേസിൽ പ്രതി

നേരത്തെയുണ്ടായ ഒരു വാഹനാപകട കേസിലും അർമാൻ പ്രതിയായിരുന്നു. ഈ വർഷം ചണ്ഡിഗഢിലെ മണിമജ്രയിൽ സുഹൃത്തിന്‍റെ മഹീന്ദ്ര ഥാർ ഓടിക്കുന്നതിനിടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് സഹോദരന്മാരെ ഇടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. അപകടത്തിൽ രണ്ട് സഹോദരന്മാരും മരിച്ചിരുന്നു. ആ കേസിൽ അറസ്റ്റിലായ അർമാൻ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com