
വിജയ് സോളങ്കി | ഭൂമിക
അഹമ്മദബാദ്: അപകടമരണം എന്ന നിലയ്ക്കായിരുന്നു പൊലീസ് ആദ്യം കേസന്വേഷണം നടത്തിക്കൊണ്ടിരുന്നത്. എന്നാൽ, സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം അമ്മയ്ക്ക് മറച്ചുവയ്ക്കാനായില്ല. തന്‍റെ കുഞ്ഞിനെ തന്‍റെ ഭർത്താവ് ഗുജറാത്തിലെ നർമ്മദ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന യുവതിയുടെ വെളിപ്പെടുത്തലിൽ ഭർത്താവ് ഒടുവിൽ അറസ്റ്റിലായി.
ഭൂമിക എന്ന ഏഴ് വയസുകാരിയാണ് മരിച്ചത്. സംഭവത്തില്‍ വിജയ് സോളങ്കി എന്നയാളെയാണ് പൊലീസ് പിടിയിലായത്. മകൾ കനാലിലേക്ക് തെന്നി വീണ് മരിച്ചു എന്നാണ് ഇയാൾ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ മകളുടെ കൊലപാതക വിവരം ആദ്യം മറച്ചുവച്ച അമ്മ പിന്നീട് പൊലീസിനോട് സത്യം തുറന്നുപറയുകയായിരുന്നു.
ജൂൺ 10 നാണ് ക്രൂരകൊലപാതകം നടക്കുന്നത്. ഖേഡ നിവാസികളായ വിജയ് സോളങ്കിയും ഭാര്യ അഞ്ജനയും മൂത്ത മകൾ ഭൂമികയോടൊപ്പം ബൈക്കിൽ അമ്പലത്തിലേക്ക് പോവുകയായിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ, അഞ്ജന തന്‍റെ മാതാപിതാക്കളെ കാണാൻ പോകണം എന്ന് ആവശ്യപ്പെട്ടു. പക്ഷേ, വിജയ് സമ്മതിച്ചില്ല.
വഴക്കിനിടെ "എനിക്ക് ആണ്‍കുഞ്ഞിനെയായിരുന്നു വേണ്ടത്, പക്ഷേ, നീ പെണ്‍കുഞ്ഞിന് ജന്മം നല്‍കി" എന്ന് പറഞ്ഞുകൊണ്ട് വിജയ് ബഹളമുണ്ടാക്കിയെന്ന് അഞ്ജന പറയുന്നു. രാത്രി 8 മണിയോടെ, മകളെ വിജയ് ശക്തമായി ഒഴുകുന്ന നർമ്മദ നദിയിലേക്ക് തള്ളിയിട്ടു. ശേഷം തന്നെ മാതാപിതാക്കളുടെ വീട്ടിൽ ഇറക്കി വിടുകയായിരുന്നു എന്നും അഞ്ജന.
ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ ഭർത്താവ് വിവാഹബന്ധം വേർപെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെ, മീനുകളെ കാണുന്നതിന് വേണ്ടി കനാലിനടുത്തായി നിന്ന കുഞ്ഞ് തെന്നിവീണു എന്ന് പൊലീസിന് മൊഴി നൽകിയതെന്ന് യുവതി പറഞ്ഞു. ഇരുവര്‍ക്കും രണ്ട് പെണ്‍കുട്ടികളായിരുന്നു.
മാതാപിതാക്കളുടെ മൊഴിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്തരശുബ പൊലീസ് ആദ്യം അപകടമരണമായി അന്വേഷണം ആരംഭിച്ചിരുന്നതാണ്. എന്നാൽ അസ്വഭാവികത തോന്നിയ പൊലീസ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതിനിടെയാണ് അഞ്ജന കുറ്റസമ്മതം നടത്തുന്നത്. ഇവരുടെ മൊഴിയിൽ പ്രതിയെ അറസ്റ്റ് ചെയ്തു കൂടുൽ അന്വേഷണം നടത്തിവരികയാണെന്ന് ഖേഡ ജില്ലാ പൊലീസ് സൂപ്രണ്ട് (എസ്പി) രാജേഷ് ഗാധിയ മാധ്യമങ്ങളോട് പറഞ്ഞു.