ആൺസുഹൃത്തിനൊപ്പം റസ്റ്റോറന്‍റിലിരുന്നു ഭക്ഷണം കഴിച്ച മകളെ വെടിവച്ചു കൊന്നു അച്ഛൻ
representative image
ആൺസുഹൃത്തിനൊപ്പം റസ്റ്ററന്‍റിലിരുന്ന് ഭക്ഷണം കഴിച്ചു; അച്ഛൻ മകളെ വെടിവച്ചു കൊന്നു
ലഖ്നൗ: ആൺസുഹൃത്തിനൊപ്പം റസ്റ്ററന്‍റിലിരുന്നു ഭക്ഷണം കഴിച്ചതിന് മകളെ അച്ഛൻ വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ അസംഗഢിലാണ് സംഭവം. വെടിവയ്പ്പിൽ ആൺസുഹൃത്തിനും പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
സ്കൂൾ കഴിഞ്ഞ് റസ്റ്ററന്‍റിൽ ഭക്ഷണം കഴിക്കുന്നതിനായി എത്തിയതായിരുന്നു ഇരുവരും. മകൾക്കൊപ്പം ആൺസുഹൃത്തിനെ കണ്ട പെൺകുട്ടിയുടെ അമ്മ ബഹളം വച്ചു. പിന്നാലെയെത്തിയ അച്ഛൻ പ്രകോപിതനായി മകളെയും ആൺസുഹൃത്തിനെയും മർദിക്കുകയും കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയുമായിരുന്നു.
വെടിവയ്പ്പിൽ ആൺ സുഹൃത്തിനും പരുക്കേറ്റു. ഇരുവരെയും അമ്മയും ഹോട്ടൽ ജീവനക്കാരും അടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ആൺസുഹൃത്ത് ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം തുടരുന്നു.

