

വനിതാ മാധ്യമപ്രവർത്തകർക്ക് പൊലീസിൽ നിന്ന് ലൈംഗികാതിക്രമം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് മൂന്ന് വനിതാ മാധ്യമപ്രവർത്തകരുടെ പരാതി. സംഭവത്തിൽ ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹി ജില്ലാ പൊലീസിനാണ് പരാതി ലഭിച്ചത്. ശനിയാഴ്ച പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ വിവേക് ഭഗത് ആണ് ലൈംഗികാതിക്രമം നടത്തിയതെന്ന് മാധ്യമപ്രവർത്തകർ വാർത്താ ഏജൻസിയോട് പറഞ്ഞു. സ്ഥലത്ത് വനിതാ പൊലീസുകാർ ഇല്ലാത്തതിനെ ചോദ്യം ചെയ്തപ്പോഴാണ് അസിസ്റ്റന്‍റ് കമ്മിഷണർ ഇത്തരത്തിൽ പെരുമാറിയതെന്നും അവർ വ്യക്തമാക്കി. തുടർന്ന് പരാതി നൽകുകയായിരുന്നു. ഓൺലൈൻ മാധ്യമപ്രവർത്തകരാണ് ലൈംഗികാതിക്രമം നേരിട്ടവർ.
സംഭവത്തിൽ സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് പരാതി ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നടുക്കം രേഖപ്പെടുത്തി. ജനാധിപത്യത്തിൽ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാകില്ലെന്നും മാധ്യമപ്രവർത്തകർക്ക് ഭയമില്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കണമെന്നും പ്രസ് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിനെതിരേ ഞായറാഴ്ച രാവിലെ ആം ആദ്‌മി പാർട്ടിയുടെ നേതൃത്വത്തിൽ പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധം അരങ്ങേറി. ആരോപണവിധേയനായ പൊലീസുകാരനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വൈകാതെ മാധ്യമപ്രവർത്തകരും സിജെപിയും പ്രതിഷേധത്തിൽ പങ്കുചേരുമെന്നാണ് വിവരം.