

ഗ്രേറ്റർ നോയ്ഡയിൽ പൊലീസ് ക്വാർട്ടേഴ്സിലെ കുളിമുറിയിൽ വനിതാ എസ്ഐ മരിച്ചനിലയിൽ
നോയ്ഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ പൊലീസ് ക്വാർട്ടേഴ്സിൽ വനിതാ സബ്-ഇൻസ്പെക്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ് സംഭവം.
ജാർച്ച പൊലീസ് സ്റ്റേഷനിലെ എസ്ഐയായ രശ്മി ഗൗതം (27) ആണ് മരിച്ചത്. രശ്മിയുടെ പിതാവ് ചൊവ്വാഴ്ച രാവിലെ മകളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ല. ഇതോടെ പിതാവ് രശ്മിയുടെ സഹപ്രവർത്തകരെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷൻ വളപ്പിലുള്ള ക്വാർട്ടേഴ്സിൽ എത്തി പരിശോധിച്ചപ്പോഴാണ് കുളിമുറിയിൽ രശ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ജാർച്ച പൊലീസ് സ്റ്റേഷൻ ഇൻചാർജ് കൈലാഷ് നാഥ് പറഞ്ഞു. ശരീരത്തിൽ പരുക്കേറ്റ പാടൊന്നും കണ്ടെത്തിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ യഥാർഥ മരണകാരണം അറിയാൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ബാച്ച് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥയാണ് രശ്മി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.