

ഉജ്വല്‍ നിഖം
മുംബൈ: പുനെയില്‍ പ്രതിശ്രുത വധു പ്രതിശ്രുത വരനെ കൊക്കയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഇരയുടെ കുടുംബത്തിനു വേണ്ടി വാദിക്കാന്‍ മുംബൈ ഭീകരാക്രമണ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്വല്‍ നിഖം എത്തും. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഉജ്വല്‍ നിഖത്തെ നിയമിക്കണമെന്ന ഇരയുടെ കുടുംബത്തിന്റെ ആവശ്യം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അംഗീകരിച്ചു.
വെള്ളിയാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ നേരില്‍ കണ്ടാണ് കൊല്ലപ്പെട്ട കേതന്‍ അഗര്‍വാളിന്റെ പിതാവ് വിശാല്‍ അഗര്‍വാള്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഉജ്വല്‍ നിഖത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടത്. കൂടാതെ വിചാരണ വേഗത്തിലാക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. രണ്ടു ആവശ്യങ്ങളും മുഖ്യമന്ത്രി ഉടന്‍ അംഗീകരിച്ചു. അതിവേഗ കോടതി സ്ഥാപിക്കാന്‍ നിയമവകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശവും നല്‍കി. പുനെയില്‍ വച്ച് കേതന്‍ അഗര്‍വാളിന്റെ പിതാവുമായി കൂടിക്കാഴ്ച നടത്തിയ വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് എക്‌സില്‍ പങ്കുവച്ചു.
പ്രതിശ്രുത വധു സിയ ഗോയല്‍, കാമുകന്‍ ചേതന്‍ ചൗധരി എന്നിവര്‍ ചേര്‍ന്ന് കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയ സംഭവം രാജ്യവ്യാപക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയില്‍ ട്രക്കിങ്ങിന് നടത്തവേയാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം നടത്തിയത്.
കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് കേതന്റെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളുമായി സംസാരിക്കവെ മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു. കേതനെ കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്നും പൊറുക്കാനാവാത്തതാണെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.
2008ലെ മുംബൈ ഭീകരാക്രമണത്തിനു പുറമെ 1993ലെ ബോംബെ ബോംബ് സ്‌ഫോടന പരമ്പര, പ്രമോദ് മഹാജന്‍ വധം, ടി-സീരിസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാര്‍ വധം തുടങ്ങിയ നിരവധി പ്രമുഖ കേസുകളിലും ഉജ്വല്‍ നിഖം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.