

സർക്കാർ സ്റ്റാൻലി മെഡിക്കൽ കോളെജ് ആശുപത്രി
ചെന്നൈ: സോഷ്യൽ മീഡിയ റീൽസ് നിർമിക്കാനായി സർക്കാർ ആശുപത്രി മോർച്ചറിയിൽ അനധികൃതമായി കടന്നുകയറി മൃതദേഹങ്ങളുടെ വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ ചെന്നൈയിലുള്ള സർക്കാർ സ്റ്റാൻലി മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് സംഭവം.
വ്യാസർപടി സ്വദേശികളായ സതീഷ് കുമാർ (25), ദിനേശ് കുമാർ (30), ആശുപത്രിയിലെ ബാറ്ററി ഓപ്പറേറ്റഡ് വാഹനത്തിന്‍റെ ഡ്രൈവർ ശങ്കർ എന്നിവരാണ് അറസ്റ്റിലായത്. സതീഷിന്‍റെയും ദിനേശിന്‍റെയും സുഹൃത്തായ ഗുണ്ടയായ ആനന്ദിന്‍റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. മോർച്ചറിയിൽ പ്രവേശിക്കാനായി ഇവർ ശങ്കർ മുഖേനെ മോർച്ചറി ജീവനക്കാരനായ ശ്രീനിവാസന് 200 രൂപ കൈക്കൂലി നൽകി.
തുടർന്ന് മോർച്ചറിയിൽ പ്രവേശിച്ച് മൃതദേഹങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. മോർച്ചറിക്ക് അകത്ത് ചിത്രീകരണം ശ്രദ്ധയിൽപ്പെട്ട ഒരു ആശുപത്രി ജീവനക്കാരൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.