

കാഞ്ചീപുരത്ത് കൊറിയർ വാഹനം തടഞ്ഞ് 4.5 കോടി രൂപ കവർന്നു; പിന്നിൽ 17 അംഗ മലയാളി സംഘം, 5 പേർ അറസ്റ്റിൽ
representative image
ചെന്നൈ: കാഞ്ചീപുരത്ത് കൊറിയർ കമ്പനി വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി നാലരക്കോടിയോളം രൂപ കവർന്ന കേസിൽ 5 മലയാളികൾ അറസ്റ്റിൽ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലെ സന്തോഷ്, ജയൻ, സുജിത്‌ലാൽ, മുരുകൻ, കുഞ്ഞു മുഹമ്മദ് എന്നിവരെയാണ് കാഞ്ചീപുരം പൊലീസ് അറസ്റ്റു ചെയ്തത്. മുംബൈ ബോർവാലി സ്വദേശി ജതീന്‍റെ പരാതിയിലാണ് നടപടി.
2017 ലാണ് ജതിൻ കൊറിയർ കമ്പനി ആരംഭിക്കുന്നത്. കമ്മിഷൻ അടിസ്ഥാനത്തിൽ രാജ്യത്തൊട്ടാകെ സാധനങ്ങളും പണവും എത്തിച്ച് നൽകിയിരുന്നു. ഒന്നര മാസം മുൻപ് നാലക കോടിയുമായി ബംഗളൂരുവിലേക്ക് പോവും വഴി കാഞ്ചീപുരത്ത് വച്ച് 17 പേരടങ്ങിയ മലയാളി സംഘം മൂന്നു കാറുകളിലെത്തി വണ്ടി തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ കവരുകയായിരുന്നു. തുടർന്ന് ആർക്കോട്ട് ഭാഗത്തെത്തിയപ്പോൾ ഡ്രൈവറേയും കാറിനേയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് കേരളത്തിലേക്കെത്തിയത്. 5 പേരെ അറസ്റ്റു ചെയ്ത പൊലീസ് 12 പേർക്കായുള്ള തെരച്ചിലിലാണ്. അറസ്റ്റിലായവരിൽ നിന്നും പണം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.