

ആലുവയിൽ രണ്ടാഴ്ചയ്ക്കിടെ അഞ്ച് കവർച്ച; എസ്പിയുടെ ക്യാംപ് ഓഫിസിനു സമീപത്തും മോഷണം
ആലുവ: തോട്ടക്കാട്ടുകരയിലെ റൂറൽ എസ് പി യുടെ ക്യാമ്പ് ഓഫീസിനു സമീപമുള്ള വീട്ടിൽ നിന്നും ഏഴ് പവൻ സ്വർണം കവർന്നു. ഓൾഡ് ദേശം റോഡിലെ സുജിത് എന്നയാളുടെ വീടിനകത്തു കയറി അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്. സ്വർണം പൂശിയ ആഭരണങ്ങൾ മാറ്റി വച്ചാണ് മോഷ്ടാക്കൾ കടന്നിരിക്കുന്നത്. സമീപത്തെ 3 വീടുകളിലും മോഷണ ശ്രമം നടത്തിയെങ്കിലും വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ കടന്നുകളഞ്ഞു. ഉടനടി പോലീസ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
റൂറൽ എസ് പി ഹേമലത എം , ആലുവ ഡിവൈഎസ്പി രാജേഷ്, ഇൻസ്‌പെക്ടർ മനുരാജ് എന്നിവർ സംഭവസ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡ്, വിരൽഅടയാള വിദഗ്ധർ എന്നിവരെത്തി തെളിവുകൾ ശേഖരിച്ചു. ഒട്ടേറെ ഫ്ളാറ്റുകളും മറ്റുമുള്ള ഈ പ്രദേശത്ത് രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെകവർച്ചയാണ്.
ഒരു വീട്ടിൽ നിന്നും കവർച്ചാ സംഘം ഉപയോഗിച്ച കമ്പിപ്പാരയും കണ്ടെടുത്തിട്ടുണ്ട്.
ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.