ഈ കള്ളൻ കുറച്ച് റിച്ചാണ്...; മോഷ്ടിക്കാനെത്തുന്നത് വിമാനത്തിൽ, ഒടുവിൽ പിടിവീണു
kavitha

ഈ കള്ളൻ കുറച്ച് റിച്ചാണ്...; മോഷ്ടിക്കാനെത്തുന്നത് വിമാനത്തിൽ, ഒടുവിൽ പിടിവീണു

ആന്ധ്രയില്‍ നിന്ന് വിമാനത്തിലെത്തിയശേഷം പകല്‍ സമയം നഗരത്തില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി വീടുകള്‍ നോക്കിവയ്ക്കും. രാത്രിയില്‍ മോഷണം നടത്തും. പിന്നീട് വിമാനത്തില്‍തന്നെ തിരികെ മടങ്ങുന്നതാണ് രീതി

തിരുവനന്തപുരം: വിമാനത്തിലെത്തി നഗരത്തില്‍ മോഷണ പരമ്പര നടത്തി വിമാനത്തില്‍ തന്നെ മടങ്ങുന്ന അന്തര്‍ സംസ്ഥാനകള്ളന്‍ പൊലീസ് പിടിയിലായി. ആന്ധ്രാപ്രദേശ് ഖമ്മം ബലേപ്പളളി പാണ്ടുരംഗപുരം രാമാലയം സ്ട്രീറ്റില്‍ ചന്ദ്രമൗലിയുടെ മകന്‍ സമ്പതി ഉമാപ്രസാദിനെയാണ് (32) തിരുവനന്തപുരം സിറ്റി പൊലീസ് പിടികൂടിയത്.

ആന്ധ്രയില്‍ നിന്ന് വിമാനത്തിലെത്തിയശേഷം പകല്‍ സമയം നഗരത്തില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി വീടുകള്‍ നോക്കിവയ്ക്കും. രാത്രിയില്‍ മോഷണം നടത്തും. പിന്നീട് വിമാനത്തില്‍തന്നെ തിരികെ മടങ്ങുന്നതാണ് രീതി. ജൂണ്‍ 19ന് ഫോര്‍ട്ട് സ്റ്റേഷന്‍ പരിധിയില്‍ വാഴപ്പളളിയിലെ രത്നമ്മയുടെ വീട്, 24ന് മൂലവിളാകത്ത് കോമത്ത് മോഹനന്‍റെ വീട്, 28ന് മണക്കാട് നജാബിന്‍റെ വീട് എന്നിവിടങ്ങില്‍ നടന്ന മോഷണക്കേസുകളിലാണ് ഇയാള്‍ പിടിയിലായത്. വീണ്ടും മോഷണത്തിനായി ഇന്നലെ രാവിലെ 6.30ഓടെ ഹൈദരാബാദില്‍ നിന്നു‌ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഉമാപ്രസാദിനെ തിരിച്ചറിഞ്ഞത്. ഒരുവീട്ടില്‍ നിന്നും എടുത്ത തൊപ്പി ധരിച്ച ഇയാള്‍ ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ഓട്ടോറിക്ഷ കണ്ടെത്തി ഡ്രൈവറുടെ മൊഴിയാണ് വഴിത്തിരിവായത്. പഴവങ്ങാടി ഫോര്‍ട്ട് വ്യൂ ഹോട്ടലിന് മുന്നില്‍ നിന്നാണ് ഇയാള്‍ ഓട്ടോയില്‍ കയറിയതെന്ന് ഡ്രൈവര്‍ പൊസിനോട് പറഞ്ഞു. ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ വിലാസം കണ്ടെത്തി. ഈവിലാസത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ നടത്തിയ വിമാനയാത്രകളുടെ വിവരം ലഭിച്ചു. കൂടാതെ ഇന്നലെ രാവിലത്തേക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയതോടെ ഇയാള്‍ക്ക് വേണ്ടി വലവിരിക്കുകയായിരുന്നു.

വിമാനത്താവളത്തില്‍ നിന്നും പ്രതിയുമായി പൊലീസ് എത്തിയത് ചാക്ക ബൈപ്പാസില്‍ അനന്തപുരി ആശുപത്രിയ്ക്ക് സമീപമുളള പാലത്തിലാണ്. ഇതിനടിയിലെ പൊത്തിനുളളില്‍ മൂലവിളാകത്ത് നിന്നും മോഷ്ടിച്ച 5.27 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രവും കവറിലാക്കി സൂക്ഷിച്ചിരുന്നത് കണ്ടെടുത്തു. മോഷണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ സൂക്ഷിച്ച ചെറിയ സ്യൂട്ട്കേസും കണ്ടെടുത്തു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനു കീഴില്‍ നടന്ന മോഷണങ്ങളില്‍ നിന്നും ലഭിച്ച രണ്ട് വളകള്‍ ഇയാള്‍ പണയം വച്ചിട്ടുണ്ട്.‌ ആന്ധ്രാപ്രദേശില്‍ പത്തോളം മോഷണ കേസുകളില്‍ പ്രതിയാണ് ഉമാപ്രസാദ്. ഇയാളെ പിടികൂടാന്‍ ആന്ധ്രാ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് തിരുവനന്തപുരത്ത് പിടിയിലാകുന്നത്. ആന്ധ്രയിലെ ഖമ്മം പൊലീസ് സ്റ്റേഷനില്‍ പാര്‍ട് ടൈം ജീവനക്കാരനായി ജോലി ചെയ്തിരുന്നു. ഈ പരിചയം ഉപയോഗിച്ചായിരുന്നു അവിടെ മോഷണം നടത്തിയിരുന്നത്. കൂടുതല്‍ മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com