

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു
ഗുരുഗ്രാം: ഹരിയാനയിലെ നുഹിൽ അമിതവേഗത്തിലെത്തിയ ട്രക്ക് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. നുഹിലെ തൗരു റോഡിലെ മരിയ മൻസിൽ സ്‌കൂളിന് സമീപമാണ് സംഭവം.
പദ്ല സ്വദേശിയായ മദ്രസ അധ്യാപകൻ സാകിർ (28), മക്കളായ സിദ്റ (2), രണ്ട് മാസം പ്രായമുള്ള ഫാത്തിമ, സാക്കിറിന്‍റെ ഭാര്യാസഹോദരന്‍റെ മകൾ ഗസാല (6) എന്നിവരാണ് മരിച്ചത്. സാക്കിറിന്‍റെ ഭാര്യ നസ്രീൻ (22) ആണ് പരുക്കേറ്റയാൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇടിയുടെ ആഘാതത്തിൽ മൃതദേഹങ്ങൾ ഛിന്നഭിന്നമായി.
അപകടത്തിന്‍റെ ദൃശ്യങ്ങൾ സമീപത്തെ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. അമിതവേഗത്തിലെത്തിയ ട്രക്ക് ബൈക്കിൽ ഇടിച്ചശേഷം നിർത്താതെ പോകുന്നതും ബൈക്ക് യാത്രികനെ ഏതാനും മീറ്ററുകളോളം വലിച്ചിഴയ്ക്കുന്നതും കുട്ടികൾ ട്രക്കിന്‍റെ ചക്രങ്ങൾക്കടിയിൽപ്പെട്ടതും ദൃശ്യങ്ങളിൽ കാണാം. ഇടിയുടെ ആഘാതത്തിൽ സാക്കിറിന്‍റെ ഭാര്യ ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവത്തിൽ അജ്ഞാതനായ ട്രക്ക് ഡ്രൈവർക്കെതിരേ പൊലീസ് കേസെടുത്തു.