
ഡൽഹിയിൽ 3 പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ അബോധാവസ്ഥയിൽ
ന്യൂഡൽഹി: ഡൽഹിയിൽ 3 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി ദക്ഷിൺപുരിയിലാണ് സംഭവം. അബോധാവസ്ഥയിൽ കണ്ടെത്തിയ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടിയുള്ള മരണം എന്നാണ് പ്രാഥമിക നിഗമനം.മരിച്ച 3 പേരിൽ രണ്ടുപേർ സഹോദരന്മാരായിരുന്നു. മറ്റൊരാൾ ആരെന്നതിൽ വ്യക്തതയില്ല.
ഭൽസ്വ ഡയറിയിലെ താമസക്കാരനായ സിഷന്‍ എന്നയാൾ വീട്ടിലുള്ള സഹോദരൻ കോളുകൾക്ക് മറുപടി നൽകുന്നില്ലെന്നറിയിച്ച് ഡൽഹി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്‍റെ ഒന്നാം നിലയിൽ 4 പേരെ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ തന്നെ അവരെ അംബേദ്കർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കൂട്ടത്തിൽ ഉണ്ടായിരുന്ന സൽമാൻ (ഇമ്രാൻ), മൊഹ്‌സിൻ എന്നിവർ ഉൾപ്പടെ ഒരു അജ്ഞാതനും മരിച്ചതായും നാലാമത്തെ വ്യക്തിയായ ഹസീബ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് ഡോക്റ്റർമാർ അറിയിച്ചതായി പൊലീസ് പറയുന്നു. എസി മെക്കാനിക്കായി ജോലി ചെയ്തിരുന്നു 4 പേരും ഒരേ മുറിയിൽ താമസിച്ചിരുന്നതായാണ് കരുതപ്പെടുന്നത്. ശ്വാസംമുട്ടലാണ് മരണകാരണം എനതാണ് പ്രാഥമിക വിവരമെങ്കിലും മരണത്തിന്‍റെ കൃത്യമായ കാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കൂടുതൽ വ്യക്തത ലഭിക്കുമെന്നും അന്വേഷണത്തിനായി ഫോറൻസിക് യൂണിറ്റിനെ അറിയിച്ചിട്ടുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു.