ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; സ്ഥാപന ഉടമ അറസ്റ്റിൽ

പലരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയ ഇയാള്‍ കഴിഞ്ഞദിവസം സ്ഥാപനം പൂട്ടി കടന്നുകളയുകയായിരുന്നു
ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; സ്ഥാപന ഉടമ അറസ്റ്റിൽ

കോട്ടയം: ഉപഭോക്താക്കളുടെ പേരിൽ ലക്ഷങ്ങളുടെ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ സ്ഥാപന ഉടമയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ പാദുവ മൂലയിൽകരോട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ (35) എന്നയാളെയാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കിടങ്ങൂരിൽ ആർ.ബി ഹോം ഗാലറി എന്ന പേരിൽ ഗൃഹോപകരണ സ്ഥാപനം നടത്തുകയായിരുന്നു ഉണ്ണികൃഷ്ണൻ. ഇയാൾ ഇവിടെ ഇഎംഐ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങൾ വാങ്ങാൻ എത്തിയ പലരിൽ നിന്നുമായി ഇവരുടെ രേഖകൾ കൈക്കലാക്കിയ ശേഷം ഇവരറിയാതെ ഇവരുടെ പേരിൽ ഇഎംഐ വ്യവസ്ഥയിൽ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ നിന്നും കൂടുതൽ തുക ലോൺ വാങ്ങിച്ചെടുത്ത് പണം തട്ടിയെടുക്കുകയായിരുന്നു. കൂടാതെ ഇയാളുടെ സ്ഥാപനത്തിൽ നിന്നും ഇഎംഐ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങി വായ്പ മുഴുവൻ തിരിച്ചടച്ചയാളുകളുടെ രേഖകള്‍ കയ്യിലിരുന്ന ഇയാള്‍ ഇവരറിയാതെ വീണ്ടും സാധനം വാങ്ങിയതായി കാണിച്ച് ഇവരുടെ പേരില്‍ ഇവരറിയാതെ വീണ്ടും ലോണ്‍ എടുത്തു. ഇതിന്റെ ഒടിപിക്കായി ഇവരുടെ വീടുകളിലെത്തി പല കാരണങ്ങള്‍ പറഞ്ഞ് ഒടിപി കരസ്ഥമാക്കുകയുമായിരുന്നു.

ഇത്തരത്തിൽ പലരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയ ഇയാള്‍ കഴിഞ്ഞദിവസം സ്ഥാപനം പൂട്ടി കടന്നുകളയുകയായിരുന്നു. തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും ഉപഭോക്താക്കളെ പണം തിരിച്ചടക്കുന്നതിനായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ പേരിൽ ഇയാൾ പണം തട്ടിയെടുത്തിരുന്നതായി ഇവർ അറിയുന്നത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയും കിടങ്ങൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റ്റി.സതികുമാർ, എസ്.ഐ ജസ്റ്റിൻ.എസ്.മണ്ഡപം, സി.പി.ഓ മാരായ ഗ്രിഗോറിയസ് ജോസഫ്, ജോസ് ചാന്തർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com