31 വർഷത്തിനു ശേഷം നാട്ടിലെത്തിയ പിടികിട്ടാപ്പുള്ളി പെട്ടു

വിദേശത്ത് നിന്ന് അവധിക്ക് വീട്ടിൽ എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് തന്ത്രപരമായി കുടുക്കിയത്
31 വർഷത്തിനു ശേഷം നാട്ടിലെത്തിയ പിടികിട്ടാപ്പുള്ള പെട്ടു | Fugitive held after 31 years

പ്രതീകാത്മക ചിത്രം.

freepik.com

Updated on

ആലപ്പുഴ: ആലപ്പുഴയിൽ കൊലപാതകക്കേസിലെ പിടികിട്ടാപുള്ളി 31 വർഷത്തിന് ശേഷം പിടിയിൽ. 1994 ലെ ചെങ്ങന്നൂർ ചെറിയനാട് കുട്ടപ്പപ്പണിക്കർ കൊലപാതക കേസിലെ പ്രതി ജയപ്രകാശ് (57) ആണ് പിടിയിലായത്. വിദേശത്ത് നിന്ന് അവധിക്ക് വീട്ടിൽ എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് തന്ത്രപരമായി കുടുക്കിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

ചെങ്ങന്നൂർ ചെറിയനാട് സ്വദേശി കുട്ടപ്പപ്പണിക്കർ എന്ന 71 വയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മൂന്ന് പതിറ്റാണ്ടിനു ശേഷം പിടിയിലായത്. 1994 നവംബറിലാണ് കുട്ടപ്പപ്പണിക്കരെ പ്രദേശവാസിയായ ജയപ്രകാശ് ക്രൂരമായ മർദനത്തിന് ഇരയാക്കിയത്. ചികിത്സയിലിരിക്ക തൊട്ടടുത്ത മാസം കുട്ടപ്പപണിക്കർ മരിച്ചു.

സംഭവത്തിനുശേഷം ഒളിവിൽ പോയ ജയപ്രകാശ് ബോംബെയിൽ നിന്ന് വിദേശത്തേക്ക് കടന്നു. പിന്നീട് പൊലീസിന് ഇയാളെ പിടികൂടാനോ കണ്ടെത്താനോ കഴിഞ്ഞില്ല. 1999ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായ എംപി മോഹന ചന്ദ്രന്‍റെ നിർദേശപ്രകാരം രൂപീകരിച്ച ചെങ്ങന്നൂർ പൊലീസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇപ്പോൾ പ്രതിയെ പിടികൂടിയത്.

ജയപ്രകാശിന്‍റെ സഹോദരനും സഹോദരിയും പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി ഗൾഫിലാണെന്നു പോലിസ് കണ്ടെത്തി. ഇയാൾ ആലപ്പുഴ ചെന്നിത്തലയിൽ നിന്ന് വിവാഹം കഴിച്ചതായും മനസിലാക്കി. ഇതോടെ പ്രതിയുടെ പുതിയ വിലാസവും വീടും കണ്ടെത്താൻ അന്വേഷണസംഘത്തിനു വലിയ പ്രയാസം ഉണ്ടായില്ല.

തുടർന്നു ഗൾഫിൽ നിന്ന് അവധിക്കു വന്ന പ്രതിയെ പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇനി കേസിന്‍റെ വിചാരണ ആരംഭിക്കും. പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണസംഘാംഗങ്ങളെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com