
കോട്ടയം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 2 കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ കാനം നെട്ടംപ്ലാക്കൽ വീട്ടിൽ എന്‍.എസ് അനന്തു(19), പീരുമേട് പള്ളിക്കുന്ന് ഭാഗത്ത് സതീഷ് ഭവനം വീട്ടിൽ പ്രവീൺ കുമാര്‍(19) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് വ്യാഴാഴ്ച രാവിലെ കോട്ടയം സി.എം.എസ് കോളെജിന് പുറകുവശത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും ശക്തമായ വാഹന പരിശോധന നടത്താൻ നിർദേശം നൽകി. തുടർന്ന് പൊലീസ് സംഘം നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി ശക്തമായ വാഹന പരിശോധന നടത്തുകയും ഇരുവരെയും വാഹനവുമായി നിമിഷങ്ങൾക്കകം അയ്മനം പൂന്ത്രക്കാവിൽ വച്ച് പിടികൂടുകയുമായിരുന്നു.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത്, ബിനു ആർ നായർ, സി.പി.ഓ ഷൈൻ തമ്പി എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.