തിരുവല്ലയിൽനിന്ന് കാണാതായ വിദ്യാർഥിനി തിരിച്ചെത്തി; 3 പേർ കസ്റ്റഡിയിൽ

കുട്ടിയെ പൊലീസ് സ്റ്റേഷനു സമീപം കൊണ്ടുവിട്ട ശേഷം കടന്നുകളയാൻ ശ്രമിച്ച രണ്ടു പേരാണ് ആദ്യം പിടിയിലായത്. മൂന്നാമനെ ബസിൽ പിന്തുടർന്നും പൊലീസ് കസ്റ്റഡിയിലെടുത്തു
പൊലീസ് പുറത്തുവിട്ട ചിത്രം.
പൊലീസ് പുറത്തുവിട്ട ചിത്രം.

തിരുവല്ല: തിരുവല്ലയിൽ നിന്ന് രണ്ടു ദിവസം മുൻപ് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനി തിരിച്ചെത്തി. ഞായറാഴ്ച പുലർച്ചെ നാലരയോടെ കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.

കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയെ പൊലീസ് സ്റ്റേഷനു സമീപം കൊണ്ടുവിട്ട ശേഷം കടന്നുകളയാൻ ശ്രമിച്ച അതുൽ, അജിൽ എന്നിവരാണ് ആദ്യം പിടിയിലായത്. ഇരുവരും മലപ്പുറം തിരൂർ സ്വദേശികളാണ്. മൂന്നാമനെ ബസ് പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം, പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിനു ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്കിറങ്ങിയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നതോടെയാണ് വീട്ടുകാർ പരാതിപ്പെട്ടത്. സ്കൂളിലും ട്യൂഷൻ ക്ലാസിലും ബന്ധുവീടുകളിലുമൊന്നും എത്തിയിട്ടില്ലെന്ന് വ്യക്തമായിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി രണ്ട് യുവാക്കളുമായി സംസാരിച്ചു നിൽക്കുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടതിനു പിന്നാലെയാണ് കുട്ടി സ്റ്റേഷനിൽ ഹാജരായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com