
കൊച്ചി: ഇതര മതവിഭാഗത്തിൽപ്പെട്ട സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ ആലുവയിൽ മകളെ മർദിച്ച് വിഷം നൽകി കൊലപ്പെടുത്തിയ പിതാവിനെതിരേ കൊലക്കുറ്റം ചുമത്തും. നിലവിൽ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ഇയാൾ.
കഴിഞ്ഞ ദിവസമാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടി മരണപ്പെട്ടത്. സഹപാഠിയുമായി പ്രണയത്തിലായ പെൺകുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുകയും വായിലേക്ക് കളനാശിനി ഒഴിക്കുകയുമായിരുന്നു. പിതാവ് തന്നെയാണു പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
കുപ്പിയുടെ അടപ്പ് കടിച്ചുതുറക്കാൻ ശ്രമിച്ചപ്പോൾ വിഷം വായിൽ ആയെന്നാണ് പിതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ വായിലേക്ക് ബലമായി വിഷം ഒഴിവാക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണു പെൺകുട്ടി മരണമടഞ്ഞത്. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം കലൂർ ജുമാ മസ്ജിദിൽ കബറടക്കം നടത്തി.