

തിരുവനന്തപുരത്ത് 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ മറന്നു വച്ചു
representative image
തിരുവനന്തപുരം: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ മറന്നു വച്ചു. മാറനല്ലൂരിലാണ് സംഭവം. മോഷണ ശേഷം പിൻവാതിൽ വഴി രക്ഷപ്പെടുന്നതിനിടെ അടുക്കളയിലാണ് കള്ളൻ സ്വർണം മറന്നുവെച്ചത്.
ഊരൂട്ടമ്പലം ഗോവിന്ദമംഗലം കട്ടറക്കുഴി നന്ദാവനത്തിൽ വർക്‌ഷോപ്പ് ജീവനക്കാരൻ പ്രതാപചന്ദ്രൻനായരുടെ വീട്ടിലാണ് മോഷണം നടന്നത്. മക്കൾ പഠിക്കുന്ന സ്കൂളിലെ വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് മോഷണം. തിരികെ രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ പിൻവാതിൽ തുറന്നു കിടക്കുന്നത് കണ്ടത്.
സംശയം തോന്നിയ വീട്ടുകാർ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണവും ഒരുലക്ഷം രൂപയും നഷ്ടപ്പെട്ടതായി മനസിലാവുകയായിരുന്നു. പിന്നീട് അടുക്കളയിലെത്തി നോക്കിയപ്പോളാണ് 10 പവൻ സ്വർണം അവിടെയിരിക്കുന്നത് കാണുന്നത്.
സ്ഥിരമായി ഉപയോഗിക്കുന്ന ആഭരണങ്ങൾ അലമാരയിൽ ഒരിടത്തും പത്തുപവൻ തുണിയിൽ കെട്ടി മറ്റൊരിടത്തുമാണ് സൂക്ഷിച്ചിരുന്നത്. മോഷ്ടാവ് ആഭരണം മുഴുവൻ എടുത്തെങ്കിലും തുണിയിൽ കെട്ടിയ പത്തുപവൻ മോഷ്ടാവ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മറന്നു വച്ചതാകാം എന്നാണ് കരുതുന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളുമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.