കൊച്ചി: മരണവീട്ടില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ യുവതി പിടിയില്‍. കൊല്ലം സ്വദേശിയായ റിന്‍സി ഡേവിഡാണ് (29) അറസ്റ്റിലായത്. എളമക്കര പുതുക്കലവട്ടത്തെ വീട്ടില്‍ നിന്നാണ് 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ റിന്‍സി ഡേവിഡ് മോഷ്ടിച്ചത്. എളമക്കര പൊലീസാണ് യുവതിയെ പിടികൂടിയത്.
മോഷ്ടിച്ച സ്വര്‍ണം വില്പന നടത്തിയ കൊല്ലത്തെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം പൊലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ.എസ്.സുദര്‍ശനന്‍റെ നിര്‍ദേശപ്രകാരം എളമക്കര പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ബി.ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
സബ് ഇന്‍സ്പെക്ടര്‍ സി.മനോജ്, എഎസ്ഐ മുജീബ്, സിപിഒ ജിനുമോന്‍, വനിതാ സിപിഒമാരായ ചിഞ്ചു, പ്രജിത എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പിടിയിലായ യുവതി മോഷണത്തിന് വീടുകൾ കണ്ടെത്തിയിരുന്നത് പത്രവാർത്തയിലൂടെയെന്ന് പൊലീസ്. യുവതിയെ പെരുമ്പാവൂരിൽ മറ്റൊരു മരണ വീട്ടിൽ മോഷണം നടത്തിയതിന് കഴിഞ്ഞ ആഴ്ച പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ വാർത്ത ചാനലിൽ കണ്ടതോടെയാണ് പ്രതിയായ റിൻസിയെ പരാതിക്കാരൻ ജെൻസൻ തിരിച്ചറിഞ്ഞത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പുതുക്കലവട്ടം സ്വദേശിയുടെ മരണവാര്‍ത്ത റിന്‍സി അറിഞ്ഞത് പത്രവാർത്തയിലൂടെയാണ്. വൈറ്റിലയിലെ ബന്ധുവീട്ടില്‍ താമസിച്ചിരുന്ന റിന്‍സി ആദ്യം പള്ളിയിലും അവിടെ നിന്ന് വഴി ചോദിച്ച് ജെൻസന്‍റെ വീട്ടിലെത്തി.
മൃതദേഹം എത്തിക്കും മുന്‍പേ വീട്ടിലെത്തിയ റിന്‍സി വീട്ടുകാരിയെന്ന വ്യാജേന അഭിനയിച്ചു നാട്ടുകാരോടടക്കം ഇടപെട്ടു. പിന്നീട് വീട് പരിശോധിച്ച് സ്വർണവുമായി കടന്നുകളയുകയായിരുന്നു. പെരുമ്പാവൂരിലും സമാനമായ രീതിയിലായിരുന്നു മോഷണം.
മെയ് മാസത്തിലാണ് ജെൻസന്‍റെ വീട്ടിൽ പ്രതി റിൻസി ഡേവിഡെത്തുന്നത്. ജ്യേഷ്ഠന്‍റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ അപരിചിതയായ സ്ത്രീയെ കണ്ടെങ്കിലും അകന്ന ബന്ധുവാകാം എന്ന് കരുതി.
രാത്രിയോടെ വീട്ടുകാർ കവർച്ച നടന്ന വിവരമറിഞ്ഞു. മുറിയിൽ സൂക്ഷിച്ച 14 പവൻ സ്വർണം നഷ്ടപ്പെട്ടിരുന്നു. പിറ്റേ ദിവസം സിസിടിവിയിൽ റിൻസിയുടെ അസ്വഭാവികമായ നീക്കങ്ങൾ ശ്രദ്ധയിൽപെട്ടെങ്കിലും കൃത്യമായ തെളിവില്ലാത്തതിനാലും പലരേയും സംശയവും ആയപ്പോൾ പരാതി വേണ്ടെന്നു വച്ചു.
ഈസ്റ്റ് ഒക്കല്‍ കൂനത്താന്‍ വീട്ടില്‍ പൗലോസിന്‍റെ മാതാവിന്‍റെ മരണാന്തര ചടങ്ങുകള്‍ക്കിടെയായിരുന്നു പെരുമ്പാവൂരിലെ മോഷണം. പൗലോസിന്‍റെ സഹോദര ഭാര്യ ലിസ കട്ടിലിന് അടിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നാണ് യുവതി സ്വര്‍ണവും പണവും കവര്‍ന്നത്.
45 ഗ്രാം സ്വര്‍ണാഭരണവും 90 കുവൈറ്റ് ദിനാറുമാണ് യുവതി കവര്‍ന്നത്. മൃതദേഹം സംസ്കാരത്തിനായി കൊണ്ടു പോകുന്ന സമയത്തായിരുന്നു മോഷണം നടന്നത്. മുഖത്ത് മാസ്ക് ധരിച്ചാണ് യുവതി മരണ വീട്ടിലെത്തിയിരുന്നത്. പിന്നീട് യുവതിയെ പെരുമ്പാവൂർ പൊലീസ് പിടികൂടി.
മൂന്നു മാസത്തിനു ശേഷംചാനൽ വാർത്തയിൽ റിൻസി പെരുമ്പാവൂരിൽ പിടിയിലായ വാർത്ത ജെൻസൻ കണ്ടു. പഴയ സിസിടിവി ദൃശ്യങ്ങളിൽ സംശയം തോന്നിയ അതേ മുഖം, പിന്നാലെ എളമക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ കൊല്ലത്തെ ജ്വല്ലറിയിൽ നിന്നും സ്വർണം കണ്ടെടുത്തു. റിൻസി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.