കേരളത്തിൽ വധശിക്ഷ കാത്ത് 40 പേർ, ഗ്രീഷ്മ ഉൾപ്പെടെ സ്ത്രീകൾ രണ്ടു പേർ

രണ്ട് സ്ത്രീകൾക്കും വധശിക്ഷ വിധിച്ചത് ഒരേ ജഡ്ജി, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഗ്രീഷ്മ
Greeshma 2nd woman in Kerala awaiting death row
കേരളത്തിൽ വധശിക്ഷ കാത്ത് 40 പേർ, ഗ്രീഷ്മ ഉൾപ്പെടെ സ്ത്രീകൾ രണ്ടു പേർ
Updated on

ആൺസുഹൃത്തായിരുന്ന ഷാരോൺ രാജിനെ വിഷം കലർത്തിയ കഷായം കുടിപ്പിച്ച് കൊന്ന കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിക്കപ്പെട്ടതോടെ കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഗ്രീഷ്മ. 24 വയസാണ് ഗ്രീഷ്മയ്ക്ക്.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത് 3 സ്ത്രീകൾ

വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതിയായ റഫീക്ക ബീവിക്കാണ് ഇതിനു മുന്‍പ് തൂക്കുകയര്‍ ലഭിച്ചത്. 2024 മേയ് മാസത്തിലായിരുന്നു ശാന്തകുമാരി കേസിലെ വിധി പ്രഖ്യാപനം. സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിനായി, വയോധികയായ ശാന്തകുമാരിയെ റഫീക്ക ബീവി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ കൂട്ടുപ്രതികളായ കാമുകന്‍ അല്‍ അമീന്‍, മൂന്നാം പ്രതി റഫീക്കയുടെ മകന്‍ ഷെഫീക്ക് എന്നിവര്‍ക്കും വധശിക്ഷ ലഭിച്ചിരുന്നു.

നേരത്തെ കൊല്ലം വിധുകുമാരന്‍ തമ്പി വധക്കേസിലെ പ്രതി ബിനിത കുമാരിക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ‌, ഇതുപിന്നീട് മേല്‍ക്കോടതി ജീവപര്യന്തമാക്കി കുറച്ചു.

അതേ കോടതി, അതേ ജഡ്ജി

റഫീക്ക ബീവിക്കും കൂട്ടുപ്രതികളായ മകനും കാമുകനും വധശിക്ഷ വിധിച്ച അതേ കോടതിയും അതേ ജഡ്ജിയുമാണ് തിങ്കളാഴ്ച ഷാരോൺ കേസും പരിഗണിച്ചത്.

വധശിക്ഷ കാത്ത് 40 പേർ

പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് തെളിയുന്ന ഘട്ടത്തിലാണ് കോടതി വധശിക്ഷ വിധിക്കുന്നത്. എന്നാൽ, പ്രതികൾക്ക് കോടതികൾ വധശിക്ഷ വിധിക്കുമ്പോഴും ശിക്ഷ നടപ്പാക്കുന്നത് അപൂര്‍വമാണ്. വധശിക്ഷ കാത്ത് സംസ്ഥാനത്ത് 39 പേരാണ് ജയിലിൽ കഴിയുന്നത്. ഷാരോൺ വധകേസിലെ വിധി വന്നതോടെ ഗ്രീഷ്മ നാൽപ്പതാമത്തെ ആളായി.

കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് ശ്രീനിവാസന്‍ കേസിലായിരുന്നു സംസ്ഥാനത്ത് ഒരു കേസില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ചത്- 15 പേർക്ക്.

2020 മാര്‍ച്ചില്‍ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതികളായ മുകേഷ്, അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍ എന്നിവരെ തൂക്കിലേറ്റിയതാണ് രാജ്യത്ത് ഒടുവില്‍ നടപ്പാക്കിയ വധശിക്ഷ.

അതേസമയം, കേരളത്തില്‍ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 34 വർഷം മുമ്പാണ്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രനെയാണ് 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ തൂക്കിക്കൊന്നത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവസാനം വധശിക്ഷ നടപ്പാക്കിയത് 1974ലാണ്. കളിയിക്കാവിള സ്വദേശി അഴകേശനെയാണ് അന്ന് തൂക്കിക്കൊന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com