ഗ്രൂപ്പ് ലോണിന്‍റെ പേരിൽ വീട്ടമ്മമാരെ വഞ്ചിക്കുന്ന സംഘങ്ങള്‍ പെരുകുന്നു

ഇത്തരം സംഘങ്ങളുടെ വാഗ്ദാനത്തിൽ വീഴാതിരിക്കാൻ വീട്ടമ്മമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നു.
Representative image for loan fraud
Representative image for loan fraud

ശശിധരൻ

നെടുമങ്ങാട്: നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ ഗ്രാമങ്ങളിലും മലയോരമേഖലകളിലും വായ്‌പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വീട്ടമ്മമാരില്‍നിന്ന് പണം തട്ടുന്നെന്ന പരാതി വ്യാപകം. അഞ്ച് വീട്ടമ്മമാരില്‍നിന്ന് 2000 രൂപവീതം മുൻകൂർ കൈപ്പറ്റിയശേഷം വായ്പ നല്‍കാതെ വഞ്ചിച്ച സംഭവം പൊലീസില്‍ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

തട്ടിപ്പിനിരയായ ഒരു വീട്ടമ്മയുടെ ഭർത്താവാണ് പരാതിക്കാരൻ. പറവൂരിലുള്ള ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെയാണ് പരാതി. സ്ഥാപനത്തിലെ ജീവനക്കാരെന്ന് പറഞ്ഞ് രണ്ടുപേർ വീട്ടമ്മമാരെ സമീപിക്കുകയും ഓരോരുത്തർക്കും 40,000 രൂപ വീതം വായ്പ നല്‍കാമെന്ന് പറയുകയും ചെയ്തു. ഇതിനായി ആധാർകാർഡ്, ചെക്ക് ലീഫ്, മുദ്രപ്പത്രം തുടങ്ങിയ രേഖകളും വാങ്ങി. തുടർന്ന് ഓരോരുത്തരും 2000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പണവും നല്‍കി.

വായ്പത്തുക ബാങ്ക് അക്കൗണ്ടില്‍ വരുമെന്ന് ജീവനക്കാർ പറഞ്ഞതനുസരിച്ച്‌ കാത്തിരുന്നിട്ടും പണം ലഭിക്കാതായപ്പോള്‍ വീട്ടമ്മമാർ അന്വേഷിച്ചു. അപേക്ഷകരില്‍ ഒരാള്‍ വാടകയ്ക്ക് താമസിക്കുന്നതിനാല്‍ വായ്പ നല്‍കാൻ സാധ്യമല്ലെന്നായി. തുടർന്ന് എല്ലാവരും വീണ്ടും പഴയതുപോലെ രണ്ടാമത് അപേക്ഷിക്കണമെന്നും പറഞ്ഞു. കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലായപ്പോഴാണ് ഇവർ പരാതിയുമായി പൊലീസില്‍ എത്തിയത്.

ഗ്രൂപ്പുകള്‍ക്ക് അരലക്ഷം വായ്പ

അഞ്ചോ പത്തോ വനിതകളുടെ ഗ്രൂപ്പുണ്ടാക്കി ഗ്രൂപ്പിലുള്ള എല്ലാവർക്കും അരലക്ഷം രൂപവീതം വായ്പ നല്‍കാമെന്ന വാഗ്ദാനവുമായി എത്തുന്നവരുമുണ്ട്. ഈടൊന്നും വേണ്ടെന്നാണ് ഇവർ പറയുന്നത്. ഇതിനു പകരം പരസ്പരജാമ്യം മതി. ഗഡുക്കളായി തിരിച്ചടയ്ക്കുകയും ചെയ്യാം. എന്നാൽ, ഒരാള്‍ തിരിച്ചടവില്‍ മുടക്കം വരുത്തിയാല്‍ മറ്റുള്ളവരില്‍നിന്ന് ഈടാക്കുമെന്നും വ്യവസ്ഥയുണ്ട്.

ഇതെല്ലാം ഉള്‍പ്പെടെ സമ്മതപത്രങ്ങളില്‍ ഒപ്പുവച്ചശേഷം ലോണ്‍ ലഭിക്കണമെങ്കില്‍ കുറച്ചുപണം മുൻകൂർ അടയ്ക്കണമെന്ന് ആവശ്യപ്പെടും. ഇത് 500 മുതല്‍ 2000 രൂപ വരെ ആകാം. വീട്ടമ്മമാർ പണമടച്ച്‌ ലോണിനായി കാത്തിരുന്ന് പലകുറി ആവശ്യപ്പെട്ടാലും താത്കാലിക ആശ്വാസനടപടി പറഞ്ഞ് പ്രശ്‌നം നീട്ടിക്കൊണ്ടുപോകും. ഒടുവില്‍ തട്ടിപ്പാണെന്ന് മനസിലാക്കുമ്പോൾ നിരാശരായി പിന്തിരിയും. ഇത്തരം സംഘങ്ങളുടെ വാഗ്ദാനത്തിൽ വീഴാതിരിക്കാൻ വീട്ടമ്മമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com