

ഗുർമീത് റാം റഹിം സിങ്.
File
ചണ്ഡിഗഡ്: രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് വീണ്ടും ഇളവ്. 21 ദിവസത്തെ പരോളാണ് ഹരിയാന സർക്കാർ ഇയാൾക്ക് അനുവദിച്ചിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട ശേഷം ഇയാൾക്ക് ലഭിക്കുന്ന പതിനേഴാമത് താത്കാലിക ജയിൽ മോചനമാണിത്.
പരോൾ അനുവദിക്കപ്പെട്ടതിനെത്തുടർന്ന്, റോഹ്തക്കിലെ സുനാരിയ ജയിലിൽ കഴിയുന്ന റാം റഹിം, സിർസയിലെ ദേര സച്ചാ സൗദാ ആസ്ഥാനത്തേക്ക് തിരിച്ചു. കൊലപാതകം, പീഡനം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നത് വീണ്ടും വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.
മുൻപത്തെ പരോളുകളിൽ ഉത്തർപ്രദേശിലെ ബാഗ്പത് ആശ്രമത്തിൽ തങ്ങാനായിരുന്നു അനുമതിയെങ്കിൽ, അടുത്തിടെയായി സിർസയിലെ പ്രധാന ആസ്ഥാനത്ത് തന്നെ താമസിക്കാനാണ് അധികൃതർ അനുമതി നൽകുന്നത്.
2017-ൽ രണ്ട് അനുയായികളെ പീഡിപ്പിച്ച കേസിൽ 20 വർഷം (തുടർച്ചയായ രണ്ട് 10 വർഷ ശിക്ഷകൾ) തടവാണ് സിബിഐ കോടതി വിധിച്ചത്. കൂടാതെ ദേര മാനേജർ രഞ്ജിത് സിങ്, മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി എന്നിവരുടെ കൊലപാതകക്കേസുകളിലും ഇയാൾ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നുണ്ട്.
ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ അനുയായാ വൃന്ദമുള്ള രാം റഹിമിന് ഇത്തരത്തിൽ തുടർച്ചയായി പരോൾ അനുവദിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് മുൻപും ആരോപണങ്ങൾ ഉയർന്നതാണ്.