

എബിൻ ടോമി
കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ വീട്ടിൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.
കോതമംഗലം, പെരുമ്പാവൂർ, വാഴക്കുളം, കോടനാട്, ആലപ്പുഴ നോർത്ത്, തിരുവനന്തപുരം പൂവാർ പോലീസ് സ്റ്റേഷൻ മേഖലകളിലായി കൊലപാതകശ്രമം, തട്ടികൊണ്ടു പോകൽ, മോഷണം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
കഴിഞ്ഞ ജൂലൈയിൽ ഇയാൾ ' പെരുമ്പാവൂർ കാരാട്ട് പള്ളിക്കര ഭാഗത്തെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്താൻ ശ്രമിക്കുകയും അവിടെയുണ്ടായിരുന്ന സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് നടപടി.