പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

അന്വേഷണത്തിന് ഇനി പ്രത്യേക സംഘമില്ല. പകരം ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക യൂനിറ്റുകള്‍ തന്നെ കേസ് അന്വേഷിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍.
Half price scam case SIT dispersed

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു.

Updated on

സംസ്ഥാന വ്യാപകമായി നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ 1231 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. സീഡ് വഴിയും എന്‍ജിഒ കോണ്‍ഫഡറേഷനും വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പാതിവിലയ്ക്ക് സ്‌കൂട്ടറുകളും ലാപ്പ്‌ടോപ്പുകളും നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അന്വേഷണ സംഘത്തിന്‍റെ തലവനായ ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിക്കൊണ്ടാണ് ആഭ്യന്തര വകുപ്പിന്‍റെ നടപടി.

അന്വേഷണത്തിനായി ഇനി പ്രത്യേക സംഘം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. പകരം ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക യൂനിറ്റുകള്‍ തന്നെ കേസ് അന്വേഷിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

സീഡ് വഴിയും എന്‍ജിഒ കോണ്‍ഫഡറേഷനും വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ആകെ 1231 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്.

സംസ്ഥാന വ്യാപകമായി നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറുപടി പറഞ്ഞിരുന്നത്.

നാഷനല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു ഇടുക്കി സ്വദേശി അനന്തു കൃഷ്ണന്‍ പാതിവില തട്ടിപ്പ് നടത്തിയത്. 918 ആളുകളില്‍ നിന്ന് 6.32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്ന് പരാതി. 918 ഗുണഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ പകുതി വിലയില്‍ നല്‍കാമെന്നും ലാപ്‌ടോപും മറ്റു വീട്ടുപകരണങ്ങളും നല്‍കാമെന്നായിരുന്നു വാഗ്ദാനം.

എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ.എന്‍. ആനന്ദകുമാറിനെ വിശ്വസിച്ചാണ് ഇടുക്കിയിലും വനിതകള്‍ സീഡ് സൊസൈറ്റികളില്‍ അംഗങ്ങളായത്. ഇടുക്കിയില്‍ നടന്ന യോഗങ്ങളിലെല്ലാം അനന്തുകൃഷ്ണനെ തന്‍റെ പിന്‍ഗാമിയെന്നാണ് ആനന്ദകുമാര്‍ വിശേഷിപ്പിച്ചിരുന്നത്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്‍റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. ഫണ്ട് റോള്‍ ചെയ്യാന്‍ സാധിച്ചില്ലെന്നും വിചാരിച്ച പോലെ ഒന്നും നടന്നില്ലെന്നുമൊക്കെയായിരുന്നു അനന്തുവിന്‍റെ മൊഴി.

അനന്തുവിന്‍റെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചിരുന്നു. അതില്‍ ഒരു അക്കൗണ്ടിലേക്ക് മാത്രം 400 കോടി രൂപയെത്തിയതായും കണ്ടെത്തി. എറണാകുളത്ത് നിന്ന് 700 കോടി തട്ടിയെടുത്തെന്നാണ് നിലവില്‍ പൊലീസിന്‍റെ വിലയിരുത്തല്‍. പ്രമുഖ വ്യക്തികളോട് ഒപ്പം നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാണ് തട്ടിപ്പിനു വിശ്വാസ്യത നേടിയത്. ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ചേര്‍ന്ന ആളുകള്‍ക്ക് പകുതി വിലക്ക് സ്‌കൂട്ടറുകള്‍ നല്‍കി വിശ്വാസമുണ്ടാക്കിയ ശേഷം പിന്നീട് പദ്ധതിയില്‍ ചേര്‍ന്നവരെ വഞ്ചിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com