

ആലുവയിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 കാരിയെ പീഡിപ്പിച്ചു; 21 കാരൻ അറസ്റ്റിൽ
file image
കൊച്ചി: ആലുവയിൽ നടന്ന ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ 15 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 21 കാരൻ അലക്സിനെ ആലുവ പൊലീസ് അറസ്റ്റു ചെയ്തു.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ആൺകുട്ടികളും പെൺകുട്ടികളുമടക്കം മുപ്പതിലധികം പേരാണ് ആലുവ യുസി കോളെജിന് സമീപമുള്ള റിസോർട്ടിൽ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തത്.
ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ഉൾപ്പെട്ടിരുന്നതായാണ് വിവതം. അതിഥികളായി പ്രമുഖരുടെ മക്കളും പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. ആഘോഷങ്ങൾക്കിടെ മദ്യസൽക്കാരവും ലഹരി ഉപയോഗവും നടന്നതായി പൊലീസ് പറയുന്നു.
പെൺകുട്ടികൾ മാത്രമായി ഹാലോവീൻ പാർട്ടി നടത്തുന്നുവെന്നായിരുന്നു പത്താംക്ലാസുകാരിയായ പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നത്. പെൺകുട്ടികൾ മാത്രമുള്ള പാർട്ടിയായതിനാൽ വീട്ടിൽ നിന്ന് പോവാൻ അനുവദിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മറ്റൊരു പെൺകുട്ടിയുടെ പിതാവ് മദ്യസത്ക്കാരം കാണുകളും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.
തുടർന്ന് ഇയാൾ കുട്ടിയെ വിളിച്ചുകൊണ്ട് പോവുകയും 15 കാരിയുടെ അമ്മയ്ക്ക് ചിത്രങ്ങൾ അയച്ചു നൽകുകയുമായിരുന്നു. അങ്ങനെ പെൺകുട്ടിയുടെ കുടുംബം പരിപാടി നടന്ന സ്ഥലത്തെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.