

അങ്കിത് ബാലിയൻ
മുസാഫർനഗർ: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ‍്യതയുണ്ടെന്ന് അഭ‍്യൂഹങ്ങൾ പ്രചരിച്ചതിനു പിന്നാലെ ഗായകനും യൂട‍്യൂബറുമായ അങ്കിത് ബാലിയനെ വെടിവച്ചു കൊന്നു.
ഉത്തർപ്രദേശിലെ ഹരിയാൻവിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ജിമ്മിൽ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെ അജ്ഞാതരായ നാലംഗ സംഘം രണ്ട് ബൈക്കുകളിലെത്തി 20 തവണ വെടിയുതിർക്കുകയായിരുന്നു. ഗോഗി ഗ‍്യാങ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇതൊരു തുടക്കമാണെന്നും അങ്കിത് ബാലിയനെ കൊലപ്പെടുത്തിയതു പോലെ സമാന സംഭവങ്ങൾ ആവർത്തക്കുമെന്നും ഗോഗി ഗ‍്യാങ് ഉത്തർപ്രദേശ് പൊലീസിന് മുന്നറിയിപ്പ് നൽകി.
ഇതോടെ സംഭവസ്ഥലത്ത് വച്ച് തന്നെ അങ്കിത് മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി മാറ്റിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി എം.പി. സിങ് മാധ‍്യമങ്ങളോട് പറഞ്ഞു. സ്ഥലത്തെ സിസിടിവി ദൃശ‍്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിവരുകയാണ്.
തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ‍്യൂഹങ്ങളാണോ അങ്കിത് ബാലിയനെ കൊലപ്പെടുത്തിയതിനു പിന്നിലെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. 3.66ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യൂട‍്യൂബറാണ് അങ്കിത്.