1630 കോടിയുടെ മണി ചെയിൻ തട്ടിപ്പ്: ഹൈറിച്ച് ഉടമകൾ മുങ്ങിയത് ഇഡിക്ക് മുന്നിലൂടെ

റെയ്ഡിനെക്കുറിച്ചുള്ള രഹസ്യ വിവരം ചോർന്നതോടെ, അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്നതിനു തൊട്ടു മുൻപ് ഹൈറിച്ച് ഉടമ പ്രതാപനും ഭാര്യ സീനയും രക്ഷപെടുകയായിരുന്നു
ഹൈറിച്ച് ഓൺലൈൻ ഷോപ്പ് ഉടമ പ്രതാപനും ഭാര്യ സീനയും.
ഹൈറിച്ച് ഓൺലൈൻ ഷോപ്പ് ഉടമ പ്രതാപനും ഭാര്യ സീനയും.

കൊച്ചി: റെയ്ഡിന് എത്തുന്നതിന് തൊട്ടുമുന്‍പേ വീട്ടില്‍ നിന്ന് ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതികള്‍ രക്ഷപ്പെട്ടതായി ഇഡി ഉദ്യോഗസ്ഥര്‍. തൃശൂർ കണിമംഗലത്തെ വീട്ടിൽനിന്ന് കറുത്ത മഹീന്ദ്ര ജീപ്പിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഹൈറിച്ച് ഉടമ പ്രതാപന്‍, ഭാര്യ സീന, ഡ്രൈവര്‍ സരണ്‍ എന്നിവരാണ് രക്ഷപ്പെട്ടതെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതീവരഹസ്യമായാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് പ്ലാന്‍ ചെയ്തത്. പക്ഷേ, അവര്‍ എത്തിയപ്പോഴെക്കും പ്രതികള്‍ അവര്‍ക്ക് മുന്നിലൂടെ രക്ഷപെട്ടു. പ്രതികളെ പിടികൂടാൻ തൃശൂര്‍ പൊലീസ് കമ്മീഷണര്‍ക്ക് സഹായം തേടി ഇഡി ഉദ്യോഗസ്ഥര്‍ കത്തുനല്‍കിയിട്ടുണ്ട്. 100 കോടിയോളം രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്.

ഹൈറിച്ച് ഓൺലൈൻ ഷോപ്പ് ഉടമ പ്രതാപനും ഭാര്യ സീനയും.
മണി ചെയിൻ: 1630 കോടി രൂപയുടെ തട്ടിപ്പിന് വഴിയൊരുങ്ങുന്നു

ഹൈറിച്ച് ഓണ്‍ലൈനുമായി ബന്ധപ്പെട്ട് 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന പൊലീസ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ചേര്‍പ്പ് എസ്.ഐ ശ്രീലാലന്‍ എസ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു ഈ കണ്ടെത്തല്‍. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്.

1,63,000 പേരിൽ നിന്നാണ് സ്ഥാപനം പണം തട്ടിയത്. ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ മറവിൽ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്.

Trending

No stories found.

Latest News

No stories found.