
കൈയും കാലും കെട്ടി കുക്കറെടുത്ത് തലയ്ക്കടിച്ചു; വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് മോഷ്ടാക്കൾ
ഹൈദരാബാദ്: വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന് മോഷ്ടാക്കൾ. ഹൈദരാബാദിലെ സ്വാൻ ലേക് അപ്പാർട്മെന്‍റിലാണ് സംഭവം. രേണു അഗർവാൾ ആണ് കൊല്ലപ്പെട്ടത്. കൈയും കാലും കെട്ടിയിട്ട് കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പതിമൂന്നാം നിലയിലാണ് രേണുവും ഭർത്താവും 26കാരനായ മകനും താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ 10 മണിയോടെ ഭർത്താവും മകനും ജോലിക്കായി പുറത്തു പോയി. രേണുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ വൈകിട്ട് 5 മണിക്ക് ഭർത്താവ് അഗർവാൾ ഫ്ലാറ്റിലെത്തി. വാതിൽ തുറക്കാതായതോടെ ജോലിക്കാരുടെ സഹായത്തോടെ ബാൽക്കണി വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ നിന്ന് 40 ഗ്രാം സ്വർണവും 1 ലക്ഷം രൂപയും കാണാതായിട്ടുണ്ട്. മോഷ്ടാക്കൾ കത്തിയും കത്രികയും ഉപയോഗിച്ചാണ് രേണുവിന്‍റെ കഴുത്ത് അറുത്തിരിക്കുന്നത്. പിന്നാലെ രക്തക്കറ കളയുന്നതിനായി ബാത്റൂമിൽ കയറി കുളിച്ചതായും രക്തം പുരണ്ട വസ്ത്രങ്ങൾ ഫ്ലാറ്റിൽ തന്നെ ഉപേക്ഷിച്ച് മറ്റു വസ്ത്രം ധരിച്ചതായും പൊലീസ് കണ്ടെത്തി. അഗർവാളിന്‍റെ തൊട്ടടുത്ത ഫ്ലാറ്റിൽ ജോലി ചെയ്തിരുന്ന രണ്ടു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.