ആരോഗ്യപ്രവർത്തകരുടെ സുരക്ഷ എവിടെ വരെ

രോഗികളിൽ നിന്നു മാത്രമല്ല, പൊലീസുകാരിൽ നിന്നും ആരോഗ്യ പ്രവർത്തകർ ഭീഷണി നേരിടുന്നു എന്ന് ഡോ. പ്രതിഭയുടെ വാക്കുകൾ വ്യക്തമാക്കുന്നു
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ എവിടെ വരെ

#റീന വർഗീസ് കണ്ണിമല

ആരോഗ്യപ്രവർത്തകർക്കെതിരേയുള്ള അക്രമണങ്ങൾ അനുദിനം വർധിക്കുകയാണ്. കഴിഞ്ഞ വർഷം ആരോഗ്യ പ്രവർത്തകർക്കെതിരേയുള്ള അക്രമണങ്ങൾക്കു തടയിടണമെന്നും ആശുപത്രികൾ സുരക്ഷിത മേഖലകളാക്കി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഐഎംഎ രംഗത്തെത്തിയിരുന്നു. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരേ 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണമെന്നൊക്കെ വ്യവസ്ഥയുണ്ടെങ്കിലും പലപ്പോഴും രോഗികളുടെ മാനസികാവസ്ഥയും മറ്റും കണക്കാക്കി അത് ഗൗനിക്കാറില്ല.

ഡോക്റ്റർമാർക്കെതിരേയുള്ള ആക്രമണങ്ങൾ സാധാരണ ആക്രമണങ്ങളായാണ് സർക്കാർ പരിഗണിക്കുന്നത്. കേരളത്തിൽ ഓരോ മാസവും പത്തു മുതൽ പന്ത്രണ്ടു വരെ ആരോഗ്യപ്രവർത്തകരാണ് ആക്രമിക്കപ്പെടുന്നത് എന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്‍റായ ഡോ. സുൽഫി നുഹു പറയുന്നത്. തന്‍റെ രോഗി മരിച്ചതിനെ തുടർന്ന് രോഗിയുടെ ഭർത്താവിന്‍റെ ചവിട്ടേറ്റ് ഒരു ഡോക്റ്റർ തന്‍റെ ജോലി തന്നെ ഉപേക്ഷിച്ചതും ഒരു വർഷത്തിനിടെ ഈ കൊച്ചു കേരളത്തിലാണ്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ നിഷ്ഠുരമായി കൊല ചെയ്തതിനെത്തുടർന്ന്, ഡോക്റ്ററുടെ അടുത്ത് പ്രതിയെ എത്തിക്കുമ്പോൾ പൊലീസ് സാന്നിധ്യം പാടില്ലെന്ന കോടതി ഉത്തരവ് എടുത്ത് ഒരു വിഭാഗം വാദമുഖങ്ങളുന്നയിക്കുന്നതു കാണാനിടയായി. എന്നാൽ, ഇത്തരത്തിൽ കോടതി വിധി സമ്പാദിച്ച ഡോ. പ്രതിഭ തന്നെ അതിനെക്കുറിച്ചു പറയുന്നത്, ആ കോടതി ഉത്തരവും വന്ദനയുടെ കൊലപാതകവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ്. കാരണം പൊലീസ് കസ്റ്റഡിയിൽ ക്രൂര പീഡനങ്ങളേൽക്കുന്ന പ്രതികളെ ഡോക്റ്ററുടെ അടുത്തു കൊണ്ടുവരുമ്പോൾ അവർക്ക് പൊലീസ് സാന്നിധ്യത്തിൽ യഥാർഥ വസ്തുതകൾ ഡോക്റ്ററെ അറിയിക്കാനാവാത്തതിനാൽ ആ സാഹചര്യത്തിൽ പ്രതി പറയുന്നതു കേൾക്കാതിരിക്കാൻ പാകത്തിന് പൊലീസ് അകലം പാലിക്കണമെന്നു മാത്രമാണ് ആ ഉത്തരവു കൊണ്ട് അർഥമാക്കുന്നത്. മുമ്പ് ഇത്തരത്തിൽ ഒരു പ്രതി പൊലീസിൽ നിന്നു താനനുഭവിച്ച പീഡനങ്ങൾ പറഞ്ഞപ്പോൾ അത് സത്യസന്ധമായി കുറിച്ചതിന് പൊലീസ് അന്നു ഡോ. പ്രതിഭയെ ഭീഷണിപ്പെടുത്തിയിരുന്നു. രോഗികളിൽ നിന്നു മാത്രമല്ല, പൊലീസുകാരിൽ നിന്നും ആരോഗ്യ പ്രവർത്തകർ ഭീഷണി നേരിടുന്നു എന്ന് ഡോ. പ്രതിഭയുടെ ഈ വാക്കുകൾ വ്യക്തമാക്കുന്നു.

പ്രതിയല്ലാത്ത ഒരാളെ കൊണ്ടു വരുമ്പോൾ കൈവിലങ്ങു വയ്ക്കേണ്ടതില്ലെന്ന ന്യായമാണ് പൊലീസ് ആവർത്തിക്കുന്നത്. അതേ പൊലീസ് തന്നെ സന്ദീപ് സ്ഥിരം വീട്ടിൽ മദ്യപിച്ച് ശല്യം ചെയ്യുന്നയാളായിരുന്നു എന്നും പറയുന്നുണ്ട്. മയക്കുമരുന്നിന് ഇയാൾ അടിമയായിരുന്നു എന്ന വസ്തുതയും പൊലീസ് ആവർത്തിക്കുന്നു. ലഹരിക്ക് അടിമയായ, സ്ഥിരമായി മറ്റുള്ളവരെ അക്രമിക്കുന്ന സ്വഭാവമുള്ള, ഡീ അഡിക്ഷൻ സെന്‍ററിൽ മാസങ്ങളോളം ചികിത്സിച്ചിട്ടു പോലും വീട്ടിൽ വീണ്ടും അസമാധാനം സൃഷ്ടിക്കുന്ന ക്രിമിനൽ സ്വഭാവമുള്ള മയക്കുമരുന്നിനടിമയായ ഒരാൾ വാദിയായിട്ടായാലും പൊലീസിനെ സമീപിക്കുമ്പോൾ മുൻകരുതൽ എടുക്കേണ്ടതല്ലേ?ഇതിനൊക്കെയാണ് നിയമങ്ങൾ വരേണ്ടത്. അല്ലാതെ പരസ്പരം വകുപ്പുകൾ തമ്മിൽ ചെളി വാരിയെറിയുകയല്ല വേണ്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com