
ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദിച്ച് കൊന്നു
കാസ്ഗഞ്ച്: ഭക്ഷണത്തിൽ ഉപ്പ് കൂടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം. 25 വയസുകാരിയായ ബ്രജ്ബാലയാണ് കൊല്ലപ്പെട്ടത്.
ബ്രജ്ബാലയും ഭർത്താവ് രാമുവും തമ്മില്‍ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ എത്തിച്ചത്. ഭക്ഷണത്തില്‍ ഉപ്പ് കൂടുതലാണെന്ന് പറഞ്ഞ് ഭര്‍ത്താവായ രാമു, ബ്രജ്ബാലയെ അടിക്കാന്‍ തുടങ്ങുകയായിരുന്നു.
അടിയുടെ ആഘാതത്തില്‍ ബ്രജ്ബാല വീടിന്‍റെ മുകളില്‍ നിന്നു താഴേക്ക് വീണു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് യുവതി മരണപ്പെടുകയുമായിരുന്നു.
ഇതിനിടെ രാമുവിന് സഹോദര ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണവുമായി ബ്രജ്ബാലയുടെ സഹോദരൻ രംഗത്തെത്തി. ഇതിന്‍റെ പേരില്‍ ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നതായും സഹോദരന്‍ ആരോപിച്ചു.
സംഭവത്തിന് ശേഷം രാമു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രാത്രിതന്നെ ഗ്രാമത്തിന് പുറത്തുള്ള ഒരു വീട്ടിൽ നിന്ന് ഗ്രാമവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.