

വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണം മോഷണം പോയെന്ന് യുവതിയുടെ പരാതി; ഭർത്താവ് അറസ്റ്റിൽ
representative image
ആലപ്പുഴ: വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. ആലപ്പുഴ ആലിശേരി സ്വദേശിയായ ഷംനയുടെ 15 പവൻ സ്വർണം മോഷണം പോയെന്നായിരുന്നു പരാതി.
ശനിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഷംന സ്വർണം മോഷണം പോയ കാര‍്യം അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഷംനയുമായി പിരിഞ്ഞു കഴിയുന്ന ഭർത്താവ് ഷെഫീഖ് ആണ് സ്വർണം കവർന്നതെന്ന് മനസിലായി.
തുടർന്ന് ഇയാളെ പൊലീസ് പിടികൂടി ചോദ‍്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഷംനയുടെ മൊഴിയിൽ 15 പവൻ മോഷണം പോയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഏഴേമുക്കാൽ പവൻ സ്വർണമാണ് നഷ്ടമായതെന്ന് കണ്ടെത്തി.