ചോറ്റാനിക്കര‍യിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ സംശയത്തിന്‍റെ പേരിൽ കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു
പ്രതി ഷൈജു|ഭാര്യ ശാരി
പ്രതി ഷൈജു|ഭാര്യ ശാരി
Updated on

ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് ചോറ്റാനിക്കര എരുവേലി ഭാഗത്ത് പാണക്കാട്ട് വീട്ടിൽ ഷൈജു (37) ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു.25നാണ് സംഭവം നടന്നത്.

ഇയാളുടെ ഭാര്യ ശാരി വീട്ടിലെ കിടപ്പുമുറിയിലെ കഴക്കോലിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു എന്നാണ് പൊലീസിൽ ലഭിച്ച പരാതി. രക്ഷിക്കുന്നതിനു വേണ്ടി ഭർത്താവ് ഷാൾ മുറിച്ച് ശാരിയെ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെന്നും പറഞ്ഞു.തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഭാര്യയെ സംശയത്തിന്‍റെ പേരിൽ കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 25 ന് ഉച്ചയോടെ മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. തുടർന്ന് അവശനിലയിലായ ശാരിയെ കഴുത്തിൽ ചുരിദാറിന്‍റെ ഷാൾ മുറുക്കി . മരണം ഉറപ്പാക്കാൻ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും, മൂക്കിലും ചേർത്ത് അമർത്തി. തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഷാളുകൾ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴക്കോലിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിന് കഴിയാതെ വന്നപ്പോൾ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും , സംഭവസ്ഥലത്തെ തെളിവും, ഷൈജുവിന്‍റെ മൊഴിയും, സാക്ഷിമൊഴികളും അന്വേഷണത്തിന് നിർണ്ണായകമായി.

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പുത്തൻകുരിശ് ഡി.വൈ.എസ്.പി ടി.ബി വിജയൻ , ഇൻസ്പെക്ടർമാരായ കെ.പി ജയപ്രസാദ്, കെ ജി ഗോപകുമാർ, ഡി.എസ് ഇന്ദ്ര രാജ്, വി.രാജേഷ് കുമാർ, എ.എസ്. ഐ ബിജു ജോൺ സി.പി.ഒ രൂപഷ്തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com