താൻ നിരപരാധി; ഹണിമൂൺ കൊലപാതക കേസിൽ പ്രതി സോനം സുപ്രീം കോടതിയിൽ

കേസ് വിശാല ബെഞ്ചിന് വിടാൻ സുപ്രീം കോടതി
Sonam Raghuvanshi, Raja Raghuvanshi

സോനം രഘുവംശി, രാജ രഘുവംശി

Updated on

ന്യൂഡൽഹി: മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭാര്യ സഹതാപ നീക്കവുമായി സുപ്രീം കോടതിയിൽ. താൻ നിരപരാധിയാണെന്നും തെറ്റായി പ്രതിയാക്കപ്പെട്ടതാണെന്നുമാണ് കൊല്ലപ്പെട്ട രാജ രഘുവംശിയുടെ ഭാര്യയായ സോനം രഘുവംശി കോടതിയിൽ വാദിച്ചത്.

മേഘാലയ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേഘാലയ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയെ എതിർത്തു കൊണ്ട് നൽകിയ സത്യവാങ്മൂലത്തിലാണ് സോനത്തിന്‍റെ ഈ വാദം. സംശയത്തിന്‍റെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് പ്രോസിക്യൂഷൻ കേസ്. വെറും ആരോപണങ്ങൾ കുറ്റത്തിന്‍റെ തെളിവായി കണക്കാക്കാൻ സാധിക്കില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി ഇടപെടരുതെന്നും സോനം ആവശ്യപ്പെട്ടു. താൻ നിരപരാധിയും തെറ്റായി പ്രതിയാക്കപ്പെട്ടതുമാണ്. വിശ്വസനീയമായ തെളിവുകൾക്ക് പകരം ഉൗഹത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ കേസ് ചമച്ചത്. തന്നെ കേസിൽ തെറ്റായി പ്രതി ചേർത്തിരിക്കുകയാണ് സോനം വാദിച്ചു.

വിചാരണ കോടതി സോനത്തിന് ജാമ്യം നൽകിയത് ഹൈക്കോടതി ശരി വെച്ചതിനെ എതിർത്താണ് മേഘാലയ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെയാണ് സോനവും സുപ്രീം കോടതിയിൽ സത്യാവാങ്മൂലം സമർപ്പിച്ചത്. ഏറെ ഞെട്ടിക്കുന്നതാണ് ഈ കേസെന്നും അറസ്റ്റ് രേഖകളിലുണ്ടായ അക്ഷരത്തെറ്റുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജാമ്യം നൽകിയതെന്നും മേഘാലായ സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ ഹൈക്കോടതി സോനത്തിനു അനുവദിച്ച ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതി തയ്യാറായില്ല. അറസ്റ്റ് രേഖകളിലുണ്ടായ അക്ഷരത്തെറ്റ് അറസ്റ്റിനെ അസാധുവാക്കുകയും ജാമ്യത്തെ ന്യായീകരിക്കുകയും ചെയ്യുമോയെന്നതിന്‍റെ നിയമവശം പരിശോധിക്കാൻ കേസ് വിശാല ബെഞ്ചിന് വിടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

2025 മേയിലാണ് മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്ക് എത്തിയ മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ബിസിനസുകാരൻ രാജ രഘുവംശി കൊല്ലപ്പെട്ടത്. താമസിച്ചിരുന്ന ഹോം സ്റ്റേയിൽ നിന്ന് രഘുവംശിയെ കാണാതാവുകയും പിന്നീട് വെള്ളച്ചാട്ടത്തിനു സമീപത്തെ കൊക്കയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് കാമുകനും കൂട്ടാളികൾക്കൊപ്പവും ചേർന്ന് രഘുവംശിയെ കൊലപ്പെടുത്തിയതാണെന്ന കുറ്റം ചുമത്തി ഭാര്യയായ സോനത്തിനെ മേഘാലയ പൊലീസ് സോനത്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കേസിൽ 700 പേജിലധികം വരുന്ന കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. നിലവിൽ കേസിന്‍റെ വിചാരണ പുരോഗമിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com