

അനധികൃത എൽപിജി സിലിണ്ടർ റീഫില്ലിങ്; ഒൻപത് പേർ അറസ്റ്റിൽ
സൂറത്ത്: ഗുജറാത്തിൽ ടാങ്കറിൽ നിന്ന് എൽപിജി ഗ്യാസ് അനധികൃതമായി സിലിണ്ടറുകളിലേക്ക് നിറച്ചിരുന്ന സംഘത്തെ പൊലീസ് പിടികൂടി. ഒൻപത് പേരെ അറസ്റ്റ് ചെയ്തു. സൂറത്തിലാണ് സംഭവം.
പവൻ സിങ് ഗുജ്ജർ (26), സുരേഷ് ബോരിവാല (35), മഹേഷ് ജൻജ്വാഡിയ (35), പങ്കജ് സിങ് ഠാക്കൂർ (26), ദേവ സിങ് (28), സുഭാഷ് സിങ് രജ്പുത് (28), വിശാൽ ഭാഭോർ (24), ദീപക് ഭാഭോർ (26), ലക്ഷ്മൺ സിങ് റാവത്ത് (53) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഭേസൻ-ഹസീറ റോഡിലെ പാർക്കിങ് സ്ഥലത്ത് പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് അനധികൃത ഗ്യാസ് റീഫില്ലിങ് കണ്ടെത്തിയത്. പൊലീസ് എത്തുമ്പോൾ ടാങ്കറിൽ നിന്ന് 84 എൽപിജി സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറയ്ക്കുകയായിരുന്നു സംഘമെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഷൈഫാലി ബർവാൾ പറഞ്ഞു.
പ്രധാന പ്രതിയായ പവൻ സിങ് മഹേഷിൽ നിന്ന് പ്രതിമാസം 12,000 രൂപയ്ക്ക് സ്ഥലം വാടകയ്ക്ക് എടുത്തിരുന്നു. ഗ്യാസ് റീഫില്ലിങ് നടത്താൻ ഇയാൾ മറ്റ് പ്രതികളെ ജോലിക്കെടുത്തു. സ്ഥലത്തെ സെക്യൂരിറ്റി ഗാർഡായിരുന്ന മഹേഷ് ഉടമയെ അറിയിക്കാതെയാണ് സ്ഥലം വാടകയ്ക്ക് നൽകിയത്. ലക്ഷ്മൺ സിങ് ഗെയിൽ കമ്പനിയുടെ എൽപിജി ടാങ്കർ സ്ഥലത്തെത്തിച്ച് പാർക്ക് ചെയ്തു. തുടർന്ന് പവൻ സിങ് ജോലിക്കെടുത്ത മറ്റ് പ്രതികൾ ടാങ്കറിൽ നിന്ന് എൽപിജി സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറയ്ക്കുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് 1.26 ലക്ഷം രൂപ വിലമതിക്കുന്ന 84 നിറച്ച എൽപിജി സിലിണ്ടറുകളും നാല് ഒഴിഞ്ഞ സിലിണ്ടറുകളും മൂന്ന് റീഫില്ലിങ് പൈപ്പുകളും പിടിച്ചെടുത്തു. എൽപിജി ടാങ്കർ, രണ്ട് ഫോർവീലർ വാഹനങ്ങൾ, മൊബൈൽ ഫോണുകൾ, 7,240 രൂപ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങളുടെ ആകെ മൂല്യം 56.69 ലക്ഷം രൂപയാണെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിത, അവശ്യവസ്തു നിയമം, ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (സപ്ലൈ ആൻഡ് ഡിസ്ട്രിബ്യൂഷൻ നിയന്ത്രണം) ഉത്തരവ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.