
ഇർസാന, മക്കളായ സോഫിയ, സുമയ്യ
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ഇമാമിന്‍റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട നിലയിൽ. ഇർസാന (30), മക്കളായ സോഫിയ (5), സുമയ്യ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂർച്ചയുളള ആയുധം ഉപയോഗിച്ച് വീടിനുളളിൽ വച്ചാണ് കുടുംബത്തെ കൊല്ലപ്പെടുത്തിയത്.
ബാഗ്പതിയിലെ ഗംഗ്നൗലി പളളിയിലെ ഇമാമായ ഇബ്രാഹിമിന്‍റെ കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. മുസാഫര്ഡ നഗർ ജില്ലയിലെ സുന്ന ഗ്രാമത്തിലെ ഇബ്രാഹിം കഴിഞ്ഞ നാലു വർഷമായി ഗംഗ്നൗളിയിലെ ബാദി മസ്ജിദിൽ സേവനമനുഷ്ഠിച്ചു വരികയാണ്. ഭാര്യ ഇസ്രാന പളളി പരിസരത്ത് കുട്ടികളെ പഠിപ്പിച്ചിരുന്നു. പളളി പരിസരത്തു തന്നെയുളള വീട്ടിൽ ചോരയൊലിച്ച നിലയിലായിരുന്നു മൃതദേഹം.
സംഭവ സമയത്ത് ഇബ്രാഹിം സ്ഥലത്തുണ്ടായിരുന്നില്ല. യുവതിയുടെ മൃതദേഹം തറയിലും മക്കളുടെ മൃതദേഹം കട്ടിലിലുമായിരുന്നു. പളളിയുടെ ചുറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകളുണ്ടെന്നും എന്നാൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ഇബ്രാഹിം പൊലീസിനോട് പറഞ്ഞു.
എന്നാൽ സംഭവ സമയം പരിസരത്തെ സിസിടിവി ക്യാമറകൾ ഓഫാക്കിയ നിലയിലായിരുന്നു. പളളിയിലെത്തിയ കുട്ടികളാണ് കുടുംബത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരേ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.