
കൈക്കൂലി കേസിൽ ഇൻകംടാക്സ് കമ്മിഷണർ അറസ്റ്റിൽ
file
ന‍്യൂഡൽഹി: 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഇൻകംടാക്സ് കമ്മിഷണർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ആദായനികുതി വകുപ്പ് കമ്മിഷണർ ജീവൻ ലാൽ, ഷപൂർജി പല്ലോഞ്ജി ഗ്രൂപ്പ് ഡെപ‍്യൂട്ടി മാനേജർ കാന്തിലാൽ മെഹ്ത, സായ്റാം പാലിസെട്ടി, നാട്ട വീര നാഗശ്രീറാം ഗോപാൽ, സാജിദ മജ്ഹർ, തുടങ്ങിയവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ഷപൂർജി ഗ്രൂപ്പിന് അനുകൂലമായ തീരുമാനം എടുക്കന്നതിനു വേണ്ടി 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്നാണ് സിബിഐ നടപടി.
ഹൈദരാബാദിലെ ആദായനികുതി വകുപ്പ് കമ്മിഷണറായ ജീവൻലാൽ ഇടനിലക്കാരിലൂടെയാണ് കൈക്കൂലി വാങ്ങിയിരുന്നത്. മുംബൈയിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിബിഐ സംഘം ഇവരെ പിടികൂടിയത്.
തുടർന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സായ്റാം ആണ് ജീവന്‍റെ ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നാണ് വിവരം. കേസിൽ 15 പേരെ സിബിഐ പ്രതി ചേർത്തിട്ടുണ്ട്.