ഇരിങ്ങാലക്കുടയിൽ 500 കോടി രൂപയുടെ ഇറിഡിയം നിക്ഷേപത്തട്ടിപ്പ്

തട്ടിപ്പ് തുടങ്ങിയിട്ട് 20 വർഷം | 500 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപം | പണം നിക്ഷേപിച്ച ആര്‍ക്കും ഇതുവരെ നിക്ഷേപത്തുക തിരികെ ലഭിച്ചിട്ടില്ല
Iridium

ഇറിഡിയം

പ്രതീകാത്മക ചിത്രം

Updated on

സ്വന്തം ലേഖകൻ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ ഇറിഡിയം നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ ടി.കെ. ഷാജുട്ടനാണ് ജില്ലാ പൊലീസ് മേധാവിക്ക് ഇതെക്കുറിച്ച് പരാതി നൽകിയത്.

ലോകത്തു തന്നെ അത്യപൂർവമായി മാത്രം കണ്ടെത്തിയിട്ടുള്ള ലോഹമാണ് ഇറിഡിയം. ഇന്ത്യയില്‍ ഇറിഡിയം സാന്നിധ്യം കണ്ടെത്തിയെന്നും, ഈ ലോഹത്തിന്‍റെ വില്‍പ്പനയ്ക്ക് നിക്ഷേപം നടത്തിയാല്‍ കോടികള്‍ ലാഭവിഹിതമായി തിരിച്ചു ലഭിക്കുമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരവധി ഏജന്‍റുമാരെ ഇതിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ടെന്നും ഷാജുട്ടൻ നൽകിയ പരാതിയിൽ പറയുന്നു.

500 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപം നടന്നതായാണ് പരാതിയിലുള്ളത്. 20 വര്‍ഷമായി തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും, പണം നിക്ഷേപിച്ച ആര്‍ക്കും ഇതുവരെ നിക്ഷേപത്തുക തിരികെ ലഭിച്ചിട്ടില്ല.

ഇറിഡിയം വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിനു നികുതി അടയ്ക്കാനുള്ള പണം എന്ന പേരിലാണ് നിക്ഷേപമായി സ്വീകരിക്കുന്നത്. ഇറിഡിയം വില്‍പ്പന നടക്കുമ്പോള്‍ ലഭിക്കുന്ന ലാഭവിഹിതം നിക്ഷേപത്തുകയുടെ വിഹിതമനുസരിച്ച് നിക്ഷേപകര്‍ക്ക് തിരികെ നല്‍കും എന്നായിരുന്നത്രേ വാഗ്ദാനം.

പതിനായിരം രൂപ നിക്ഷേപിച്ചവര്‍ക്ക് 10 കോടി രൂപ വരെ ലഭിക്കുമെന്നായിരുന്നു മോഹന വാഗ്ദാനം. നിക്ഷേപത്തുക കൂടുന്നതോടെ തിരികെ ലഭിക്കുന്ന തുകയും കൂടുമെന്നാണ് ഏജന്‍റുമാര്‍ നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.

പെരിഞ്ഞനം സ്വദേശിയാണ് ഇതിലെ മുഖ്യ കണ്ണിയെന്നും ഇരിങ്ങാലക്കുയില്‍ താമസിക്കുന്ന ഇയാളുടെ സഹോദരിയുടെ നേതൃത്വത്തില്‍ ചില ഏജന്‍റുമാരെ നിയമിച്ച് ഇരിങ്ങാലക്കുട, മാപ്രാണം, പൊറത്തിശേരി, കരുവന്നൂര്‍ മേഖലയിലുള്ളവരുടെ പണം കൈക്കലാക്കിയതായും പരാതിയിൽ സൂചനയുണ്ട്.

ഇരിങ്ങാലക്കുടയിലെ പല പ്രമുഖർക്കും ഇറിഡിയം നിക്ഷേപ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടിട്ടുള്ളതായും പരാതിയിൽ പറയുന്നു. ഇവരുടെ ചിത്രങ്ങളടക്കമാണ് ടി.കെ. ഷാജുട്ടൻ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, ഇറിഡിയം നിക്ഷേപത്തില്‍ ഏജന്‍റുമാരായി പ്രവര്‍ത്തിച്ച പലര്‍ക്കും സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്.

കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് വരുമെന്നതറിഞ്ഞതോടെ, സാവകാശം നല്‍കിയാല്‍ നിക്ഷേപത്തുക ഇരട്ടിയായി തിരികെ നല്‍കാമെന്നു പറഞ്ഞു നിക്ഷേപകരെ പരാതിയില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഷാജുട്ടൻ. നിക്ഷേപത്തുകയുടെ ഉറവിടം കാണിക്കേണ്ടി വരുമെന്ന ഭയത്താല്‍ പലരും പരസ്യമായി പരാതിയുമായി രംഗത്തുവരുവാന്‍ തയാറാകുന്നുമില്ല.

ഇറിഡിയം നിക്ഷേപ തട്ടിപ്പിനെ സംബന്ധിച്ച് പൊലീസിന്‍റെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com