

കോയമ്പത്തൂർ കൂട്ടബലാത്സംഗം; പ്രതികളെ വെടിവച്ചിട്ട് പൊലീസ്
representative image
ചെന്നൈ: കോയമ്പത്തൂരിൽ 19 കാരിയായ കോളെജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്നു പ്രതികളും അറസ്റ്റിൽ. ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ പൊലീസ് പിടികൂടിയത്.
കോയമ്പത്തൂരിലെ വെള്ളക്കണരുവിൽ വച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. രക്ഷപെടാൻ ശ്രമിച്ചതോടെ കാലിന് വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ പ്രതികളായ ഗുണ, കറുപ്പസാമി, കാളീശ്വരൻ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടലിൽ ഒരു ഹെഡ് കോൺസ്റ്റബിളിനും പരുക്കേറ്റിട്ടുണ്ട്.
കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിന് സമീപം കാറിൽ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കവെ മൂന്നംഗ സംഘം എത്തി സുഹൃത്തിനെ കത്തി കൊണ്ട് ആക്രമിച്ച ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി, ശേഷം ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ സുഹൃത്ത് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കോളെജിന് പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ യുവാവിനെയും കോയമ്പത്തൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റി.